'സര്‍ക്കാര്‍ സ്വീകരിച്ച നടപടി മികച്ചത്; മൃതദേഹം സ്വീകരിക്കില്ല': ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുലാം ഹസന്റെ അമ്മ
ഉത്തർപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുലാം ഹസനെതിരെ യു പി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പ്രശംസിച്ച് അമ്മ. സര്‍ക്കാര്‍ സ്വീകരിച്ച നടപടി തികച്ചും ശരിയാണെന്നും എല്ലാ കുറ്റവാളികളും ഇതില്‍ നിന്ന് ഒരു പാഠം ഉള്‍ക്കൊള്ളണമെന്നുമാണ് ഗുലാമിന്റെ അമ്മയുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശില്‍ ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദും സഹായി ഗുലാം ഹസനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
'എല്ലാ ഗുണ്ടകള്‍ക്കും അക്രമകാരികള്‍ക്കും ഇത് ഒരു പാഠമായിരിക്കണം. എന്റെ മകന്‍ ഒരു ഗുണ്ടാ സംഘത്തില്‍ അംഗമാണെന്ന് അറിയില്ലായിരുന്നു. ഗുലാമിന്റെ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറല്ല'. ഗുലാമിന്റെ അമ്മ പറഞ്ഞു. ഒരുപക്ഷേ ഗുലാം ഹസന്റെ ഭാര്യ മൃതദേഹം സ്വീകരിക്കുമായിരിക്കുമെന്നും അവർ എഎന്‍ഐയോട് പ്രതികരിച്ചു.
ബി എസ് പി എംഎൽഎയായ രാജു പാലിനെ 2005ൽ കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാത്തലവൻ ആതിഖ് മുഹമ്മദ് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. കേസിലെ മുഖ്യസാക്ഷികളായിരുന്നു ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും. ഇവർ മൂന്ന് പേരും ഈ വർഷം ഫെബ്രുവരി 24നാണ് കൊല്ലപ്പെട്ടത്. ഉമേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദും സഹായി ഗുലാമും. ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇവർ കൊല്ലപ്പെട്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇരുവരുടെയും പക്കല്‍ നിന്ന് വിദേശ നിര്‍മിത തോക്കുകള്‍ കണ്ടെത്തിയതായും യു പി പോലീസ് പറഞ്ഞിരുന്നു.
ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടല്‍ കൊലയ്ക്ക് ശേഷം ഉമേഷ് പാലിന്റെ അമ്മ ശാന്തി ദേവി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഉമേഷിന്റെ ഭാര്യ ജയ പാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 25ന് ആതിഖ് അഹമ്മദ്, സഹോദരന്‍ അഷ്‌റഫ്, അസദ്, ഗുലാം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.