'ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും'; പ്രത്യേക നിയമം പത്തു ദിവസത്തിനുള്ളിൽ പാസാക്കുമെന്ന് മമത ബാനര്‍ജി
ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമം പാസാക്കാനൊരുങ്ങി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ഇതിനായി അടുത്ത ആഴ്ച നിയമസഭ വിളിച്ചുചേര്‍ക്കുമെന്നും പത്തു ദിവസത്തിനകം ബില്‍ പാസാക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.
''ബലാത്സംഗക്കേസുകളിലെ പ്രതികളോട് ഒരു ദാക്ഷിണ്യവും കാട്ടില്ല. പരമാവധി ശിക്ഷ ഉറപ്പാക്കും. അതിനായി പ്രത്യേക ബില്‍ പാസാക്കും. അതിനുവേണ്ടി അടുത്തയാഴ്ച നിയമസഭ ചേരുകയാണ്. ബില്‍ പാസാക്കി ഉടന്‍ ഗവര്‍ണര്‍ക്ക് അയയ്ക്കാനാണ് തീരുമാനം. അദ്ദേഹം അതില്‍ ഒപ്പുവയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒപ്പിടുന്നതുവരെ രാജ്ഭവനു മുന്നില്‍ കുത്തിയിരിക്കാനാണ് തീരുമാനം,''മമത പറഞ്ഞു.
കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം. ഡോക്ടറുടെ കൊലപാതകത്തില്‍ മമതയുടെ തൃണമൂല്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് പുരോഗമിക്കുകയാണ്.
ബന്ദിന്റെ പശ്ചാത്തലത്തില്‍ വ്യാപക അക്രമസംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറുന്നത്. പലയിടത്തും ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. അക്രമസംഭവങ്ങളില്‍ മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടായിരത്തിലേറെ പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
അതേസമയം കേസില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അന്വേഷണം ഏറ്റെടുത്ത് 16 ദിവസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സിബിഐയ്ക്കു കഴിഞ്ഞിട്ടില്ലെന്നും മമത ആരോപിച്ചു. പശ്ചിമ ബംഗാള്‍ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ കുറ്റക്കാരെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ കേന്ദ്ര സര്‍ക്കാര്‍ കേസ് സിബിഐയ്ക്കു വിടുകയായിരുന്നുവെന്നും മമത ആരോപിച്ചു.
''ഞാന്‍ അഞ്ച് ദിവസത്തെ സമയമാണ് തേടിയത്. അതിനുള്ളില്‍ പശ്ചിമ ബംഗാള്‍ പോലീസ് മുഴുവന്‍ പ്രതികളെയും പിടികൂടുമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനനുവദിച്ചില്ല. കേസ് സിബിഐയ്ക്കു വിട്ടു. അവര്‍ക്ക് നീതിയല്ലായിരുന്നു വേണ്ടത്. കുറ്റക്കാരെ സംരക്ഷിക്കാനുളള്ള സമയമായിരുന്നു വേണ്ടത്. സിബിഐ കേസ് ഏറ്റെടുത്ത് 16 ദിവസം കഴിയുന്നു. എവിടെയാണ് നീതി?'' മമത ആരാഞ്ഞു.
ബിജെപി സംസ്ഥാനത്ത് കലാപത്തിനു ശ്രമിക്കുകയാണെന്നും ശവശരീരങ്ങള്‍ കാണാന്‍ വേണ്ടിയാണ് അവര്‍ ബന്ദിന് ആഹ്വാനം ചെയ്തതെന്നും എന്നാല്‍ തങ്ങള്‍ക്കു വേണ്ടത് നീതിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാര്‍ ബലാത്സംഗക്കേസ് പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ യത്‌നിക്കുമ്പോള്‍ ബിജെപി കലാപം സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.