ബ്രിജ് ഭൂഷണിന് തിരിച്ചടി; ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ കേസെടുക്കും

ബ്രിജ് ഭൂഷണിന് തിരിച്ചടി; ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ കേസെടുക്കും

പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിക്ക് സുരക്ഷയൊരുക്കണമെന്നും, സുരക്ഷാഭീഷണിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നും സുപ്രീംകോടതി
Updated on
1 min read

ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയുടെ പ്രസിഡന്റെ ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പോലീസ്. ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സുപ്രീംകോടതിയിലാണ് ഡല്‍ഹി പോലീസ് നിലപാട് അറിയിച്ചത്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ സോളിസിറ്ററി ജനറല്‍ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിക്ക് സുരക്ഷയൊരുക്കണമെന്നും, സുരക്ഷാഭീഷണിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നും കോടതി ഡല്‍ഹി പോലീസിന് നിർദേശം നല്‍കി. ഹര്‍ജി അടുത്ത വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.

രാജ്യത്ത് ഗുസ്തി ഫെഡറേഷനും ബ്രിജ് ഭൂഷനുമെതിരായ പ്രതിഷേധം കനക്കുന്നതിനിടെയാണ് സുപ്രീംകോടതി ഉത്തരവ്. ബ്രിജ്ഭൂഷണിതിരെ ഇന്ന് വൈകീട്ടോടെ കേസെടുക്കുമെന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവുമടങ്ങുന്ന ബെഞ്ചിനെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി പോലീസിന്റെ നിലപാട് അറിയിച്ചത്. ഗുസ്തിതാരങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുരക്ഷയൊരുക്കാൻ കോടതി ഉത്തരവിട്ടത്

പ്രായപൂര്‍ത്തിയാകാത്ത താരത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനെ സുരക്ഷാഭീഷണിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു

കഴിഞ്ഞ ജനുവരിയിലാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണിനെതിരെ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബ്രിജ് ഭൂഷണിനെതിരെയും ഗുസ്തി ഫെഡറേഷനെതിരെയും നിരന്തരം പരാതി ഉന്നയിച്ചിട്ടും മതിയായ ഇടപെടല്‍ ഇല്ലെന്ന് ആരോപിച്ചായിരുന്നു വനിതാ താരങ്ങള്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തിയത്. തുടര്‍ന്ന് വിനേഷ് ഫോഗട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയും ചെയ്തു. അന്ന് പരാതിയില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം പുനരാരംഭിച്ചത്. ഏഴ് പേര്‍ക്കൂടി ഇതിന് പിന്നാലെ പരാതിയുമായി രംഗത്തെത്തി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ഈ പരാതിയില്‍ ഉള്‍പ്പെടെ നടപടി ഇല്ലെന്ന് ആരോപിച്ചാണ് പരാതിക്കാര്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in