കെജ്‌രിവാളിന്റെ അപ്രതീക്ഷിത നീക്കം; രാഷ്ട്രീയതന്ത്രം ഫലം കാണുമോ അതോ പണി പാളുമോ?

കെജ്‌രിവാളിന്റെ അപ്രതീക്ഷിത നീക്കം; രാഷ്ട്രീയതന്ത്രം ഫലം കാണുമോ അതോ പണി പാളുമോ?

ധാർമിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് നടത്തുന്ന രാജി, തനിക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിലായിരിക്കണം കെജ്‌രിവാൾ
Updated on
1 min read

അതിനാടകീയവും അപ്രതീക്ഷിതവുമായിരുന്നു ഞായറാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ രാജി പ്രഖ്യാപനം. അഞ്ചരമാസത്തിനുശേഷം ജയിൽ മോചിതനായ കെജ്‌രിവാൾ, ആംആദ്മി (എഎപി) പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ സംബോധന ചെയ്യവെയാണ് താൻ രണ്ടുദിവസത്തിനുള്ളിൽ മുഖ്യമന്ത്രി രാജി വയ്ക്കുമെന്ന് അറിയിച്ചത്. തനിക്ക് നിയമത്തിന്റെ കോടതിയിൽ ലഭിച്ച നീതി, ജനങ്ങളിൽനിന്നും വേണമെന്നാണ് എഎപി നേതാവിന്റെ ആവശ്യം.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എഎപി എംഎൽഎമാരുടെ യോഗം ചേരുമെന്നും അതിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ശേഷമാകും പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ സ്ഥാനമൊഴിയുക. 'ജനവിധി പ്രഖ്യാപിക്കുന്നത് വരെ ആ കസേരയിൽ ഇരിക്കില്ല' എന്ന് പ്രവർത്തക സമക്ഷം നിലപാടെടുത്ത കെജ്‌രിവാള്‍ നിയമസഭ തിരഞ്ഞെടുപ്പ് നവംബറിൽ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കെജ്‌രിവാൾ എന്തിന് രാജിതീരുമാനം കൈകൊണ്ടു എന്നതാണ് ചോദ്യം.

നരേന്ദ്ര മോദി സർക്കാർ നടത്തുന്ന വേട്ടയാടലിന്റെ ഇരയെന്ന പ്രതീതിയാണ് കെജ്‌രിവാളിനുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളിലെല്ലാം കെജ്‌രിവാള്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുമുണ്ട്. അങ്ങനെയിരിക്കെ, ധാർമിക ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് നടത്തുന്ന രാജി, തനിക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിലായിരിക്കണം കെജ്‌രിവാൾ. പെട്ടെന്നൊരു തിരഞ്ഞെടുപ്പ് വന്നാൽ പോലും ഫലം തങ്ങൾക്ക് അനുകൂലമാകുമെന്നും എഎപി കരുതുന്നു. ഒപ്പം അധികാരമോഹിയായ നേതാവല്ല താൻ എന്നുകൂടി രാജിസന്നദ്ധതയിലൂടെ കെജ്‌രിവാള്‍ പറഞ്ഞുവയ്ക്കുന്നു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആരോപണ വിധേയരായ കെജ്‌രിവാളിനും മനീഷ് സിസോദിയയ്ക്കും അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. മറ്റ് എഎപി നേതാക്കളായ സത്യേന്ദർ ജെയിനും അമാനത്തുള്ള ഖാനും ഇപ്പോഴും ജയിലിലാണ്. ഇതെല്ലാം കേന്ദ്രസർക്കാരിന്റെ പ്രതിപ്രകാരനടപടിയാണെന്ന പ്രതീതി ഡൽഹിയിലെ ഒരുവിഭാഗം വോട്ടർമാർക്കിടയിലെങ്കിലുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വാദം ഏശിയില്ലെങ്കിലും ഒരു നിയമസഭയിൽ പ്രതിഫലനമുണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കെജ്‌രിവാളിന്റെ അപ്രതീക്ഷിത നീക്കം; രാഷ്ട്രീയതന്ത്രം ഫലം കാണുമോ അതോ പണി പാളുമോ?
'അഗ്നിപരീക്ഷയ്ക്ക് തയാർ'; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‍‌രിവാള്‍

അതേസമയം, കെജ്‌രിവാളിന്റെ പകരക്കാരൻ ആരെന്ന ചോദ്യം പ്രസക്തമാണ്. കെജ്‌രിവാൾ പറയുന്നതനുസരിച്ച്, പാർട്ടിയിലെ രണ്ടാമനായ മനീഷ് സിസോദിയയും മുഖ്യമന്ത്രി പദം ഏറ്റെടുക്കില്ല. സിസോദിയയ്ക്ക് എതിരെയും അഴിമതി ആരോപണമുണ്ട് എന്നതാണ് കാരണം. മറ്റൊരാളെ കണ്ടെത്തുന്നത് എഎപിക്ക് തലവേദനയാകുമോ എന്നതും ചോദ്യമാണ്. ജാർഖണ്ഡിലും ബിഹാറിലെയുമൊക്കെ ചരിത്രം കൂടി പരിശോധിക്കുമ്പോൾ കെജ്‌രിവാളിന്റെ നിലവിലെ തീരുമാനം ചിലപ്പോൾ തിരിച്ചടിയാകാനും സാധ്യതയും തള്ളിക്കളയാനാകില്ല.

logo
The Fourth
www.thefourthnews.in