പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം;16 ബില്ലുകൾ അവതരിപ്പിക്കും

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം;16 ബില്ലുകൾ അവതരിപ്പിക്കും

പഴയ പാർലമെന്റ് മന്ദിരത്തിൽ വെച്ച് നടക്കുന്ന അവസാന സമ്മേളനമായിരിക്കും ഇത്
Updated on
1 min read

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 29വരെ നീളുന്ന സമ്മേളനത്തിൽ 16 ബില്ലുകളാണ് അവതരിപ്പിക്കുക. ലോക്സഭാം​ഗമായിരിക്കെ അന്തരിച്ച മുലായം സിം​ഗ് യാദവ് ഉൾപ്പെടെയുളളവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സമ്മേളനം ആരംഭിക്കുക. പഴയ പാർലമെന്റ് മന്ദിരത്തിൽ വെച്ച് നടക്കുന്ന അവസാന സമ്മേളനമായിരിക്കും ഇത്. രണ്ട് സഭകളിലും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ വിദേശകാര്യ നയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച പ്രസ്താവന നടത്തും.

16 പുതിയ ബില്ലുകൾ അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതി. മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്ലും വനാവകാശ സംരക്ഷണ ഭേഭഗതി ബിൽ എന്നിവയെ എതിർക്കാനാണ് കോൺഗ്രസ് നീക്കം.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, ചൈന-ഇന്ത്യ അതിർത്തി തർക്കം, ഇഡബ്ല്യുഎസ് ക്വാട്ട തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചൊവ്വാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ചകൾ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സഭ നിര്‍ത്തിവച്ച് വിഷങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന ആവശ്യം. സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല.

അതേസമയം, 17 ദിവസത്തെ പാർലമെന്റ് ശീതകാല സമ്മേളനത്തിൽ രണ്ട് സാമ്പത്തിക ബില്ലുകൾ ഉൾപ്പെടെ 25 ബില്ലുകൾ ചർച്ചയ്ക്ക് ഉള്ളതിനാൽ നിർദ്ദിഷ്ട നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ലഭിക്കുന്ന സമയലഭ്യത സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചു. മറ്റ് പ്രസക്തമായ വിഷയങ്ങൾ ഉന്നയിക്കാൻ സമയം കുറവായിരിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ദീർഘകാലമായി കെട്ടിക്കിടക്കുന്ന വനിതാ സംവരണ ബിൽ ശീതകാല സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യു), ശിരോമണി അകാലിദൾ തുടങ്ങി നിരവധി പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പതിനേഴാം ലോക്‌സഭയിൽ 15% വനിതാ എംപിമാരും രാജ്യസഭയിൽ 12.2% വനിതാ എംപിമാരും മാത്രമാണുള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി മൊത്തം എംഎൽഎമാരിൽ 8% മാത്രമാണ് സ്ത്രീകൾ ഉള്ളത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിനെക്കുറിച്ച് ചർച്ച വേണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘട്ട് അദ്ധ്യക്ഷനാകുന്ന ആദ്യ രാജ്യസഭാ സമ്മേളനം കൂടിയാണിത്.

logo
The Fourth
www.thefourthnews.in