ബോംബെ ഹൈക്കോടതി
ബോംബെ ഹൈക്കോടതി

കരിയറോ കുട്ടിയോ എന്ന ചോദ്യം സ്ത്രീയോട് വേണ്ട; ശ്രദ്ധേയമായി ബോംബെ ഹൈക്കോടതി വിധി

ജോലിക്കായി കുട്ടിയോടൊപ്പം പോളണ്ടിലേക്ക് പോകാന്‍ യുവതിക്ക് അനുമതി
Updated on
1 min read

സ്വന്തം കുട്ടിയോ തൊഴിലോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കണമെന്ന് സ്ത്രീകളോട് ആവശ്യപ്പെടരുതെന്ന് ബോംബെ ഹൈക്കോടതി. ഇത് നീതിയല്ലെന്ന് പറഞ്ഞ കോടതി, ജോലിയാവശ്യങ്ങള്‍ക്കായി കുട്ടിയോടൊപ്പം പോളണ്ടിലേക്ക് താമസം മാറാന്‍ അനുമതി ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ ബെഞ്ചിന്റെതാണ് നിര്‍ണായക നിരീക്ഷണം.

ജോലിയില്‍ പുരോഗതി കൈവരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് ദാംഗ്രെ കുറ്റപ്പെടുത്തി.

എഞ്ചിനീയറായ യുവതി 2015 മുതല്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. കുട്ടിയുടെ പൂര്‍ണ സംരക്ഷണാവകാശം തനിക്ക് നല്‍കണമെന്നും ജോലിയാവശ്യങ്ങള്‍ക്കായി പോളണ്ടില്‍ പോകുമ്പോള്‍ കുട്ടിയെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് യുവതി പൂനെ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയ്ക്ക് എതിര്‍പ്പില്ലെന്ന് എഴുതി നല്‍കാന്‍ കുട്ടിയുടെ പിതാവിനോട് നിര്‍ദേശിക്കണമെന്ന മറ്റൊരു ഹര്‍ജിയും യുവതി നല്‍കിയിരുന്നു. കുട്ടിയുടെ വിസ നടപടികല്‍ സുഗമമാക്കാനാണ് ഇത്. എന്നാല്‍ കുടുംബകോടതി യുവതിക്ക് യാത്രാനുമതി നല്‍കിയില്ല. ഇതിനെതിരെയാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ജോലിയില്‍ പുരോഗതി കൈവരിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് ദാംഗ്രെ കുറ്റപ്പെടുത്തി.

ജസ്റ്റിസ് ഭാരതി ദാംഗ്രെ
ജസ്റ്റിസ് ഭാരതി ദാംഗ്രെ

'കുട്ടിയുടെ പ്രായവും യുവതി മറ്റാരുടേയും സഹായമില്ലാതെ ഒറ്റയ്ക്കാണ് കുട്ടിയെ ഇതുവരെ വളര്‍ത്തിയത് എന്നും പരിഗണിച്ചാണ് അമ്മയ്ക്കൊപ്പം വിടുന്നത്.അച്ഛന് കുട്ടിയെ ഓര്‍ത്തുള്ള ആശങ്കകള്‍ കോടതിക്ക് മനസ്സിലാകും. എന്നാല്‍ അതിന്റെ പേരില്‍ യുവതിക്ക് കിട്ടിയിരിക്കുന്ന വലിയ അവസരം പാഴാക്കാന്‍ സാധിക്കില്ല.' ഹൈക്കോടതി നിരീക്ഷിച്ചു. കുട്ടിയെ തന്നില്‍ നിന്ന് അകറ്റാന്‍ ഇതിന് മുമ്പും യുവതി ശ്രമിച്ചിട്ടുണ്ടെന്നും മധ്യയൂറോപ്പിലെ ഇപ്പോഴത്തെ സാഹചര്യം കുട്ടിക്ക് സുരക്ഷിതമല്ലെന്നുമടക്കമുള്ള എതിര്‍വാദങ്ങള്‍ കോടതി തള്ളി. വര്‍ഷത്തില്‍ മൂന്ന് തവണ അവധിക്കായി നാട്ടിലെത്തുമ്പോള്‍ കുട്ടിയെ കുറച്ചു ദിവസം അച്ഛനൊപ്പം വിടണമെന്നും കോടതി നിര്‍ദേശിച്ചു. രക്ഷാകര്‍തൃ അവകാശം അമ്മയ്ക്ക് നല്‍കുമ്പോഴും കുട്ടിയ്ക്ക് മേല്‍ അച്ഛനുള്ള അവകാശങ്ങളേയും പരിഗണിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.'സാമൂഹ്യപരമായി പുരോഗതി പ്രാപിക്കാനുള്ള അടിസ്ഥാനപരമായ അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ടെന്നും അത് നിഷേധിക്കാനാവില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ അഭിജിത്ത് സര്‍വത്തെ പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in