നൂഹ്: 'മുസ്ലിങ്ങളെ ബഹിഷ്‌കരിക്കണമെന്ന വീഡിയോകൾക്കെതിരെ നടപടി വേണം'; ചീഫ് ജസ്റ്റിസിനോട് ഡൽഹി ഹൈക്കോടതി വനിതാ അഭിഭാഷകർ
ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷങ്ങളെ തുടർന്ന് ചില സമുദായങ്ങളെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി വനിതാ അഭിഭാഷക ഫോറം. വിഷയം ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷക ഫോറം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് വനിതാ ലോയേഴ്‌സ് ഫോറത്തിലെ 101 അഭിഭാഷകർ ഒപ്പിട്ട് സമർപ്പിച്ച കത്തില്‍ ആവശ്യപ്പെടുന്നു. അത്തരം പ്രസംഗങ്ങളുടെ വീഡിയോകൾ നിരോധിക്കാൻ ഹരിയാന സർക്കാരിനോട് നിർദേശിക്കണമെന്നും കത്തിലുണ്ട്.
വിദ്വേഷ പ്രസംഗങ്ങളുള്ള വീഡിയോകൾ തടയാൻ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നിട്ടും അത് പാലിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. “വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിനും അത് ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നതിനും ബഹുമാനപ്പെട്ട സുപ്രീംകോടതി ആവർത്തിച്ച് പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ച ആളുകളെ അടിയന്തരമായി പിടികൂടണമെന്ന് ഹരിയാന സർക്കാരിനോട് ആവശ്യപ്പെടുന്നു. ഈ വീഡിയോകൾ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനിടയുണ്ട്. അതിനാൽ അവ നിരോധിക്കണം.“ കത്തില്‍ പറയുന്നു.
സംസ്ഥാന ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ പൊളിക്കൽ നടപടികളുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതികൾ സ്വമേധയാ എടുത്ത കേസുകളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നു. വിഷയത്തിൽ കോടതിയുടെ വേഗത്തിലുള്ള ഇടപെടൽ ജനങ്ങളുടെയുള്ളിൽ നിയമത്തോടുള്ള വിശ്വാസം വളർത്തുന്നതിൽ സഹായിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും, നൂഹിലും മറ്റ് ജില്ലകളിലും നടന്ന വിദ്വേഷ പ്രസംഗങ്ങൾ, പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാണിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ പ്രചരിക്കുന്നത് തടഞ്ഞില്ലെങ്കിൽ അത് ഇന്ത്യയിലെ സാമൂഹിക ഐക്യത്തിനും നിയമവാഴ്ചക്കും അപകടകരമായ ഭീഷണിയാകുമെന്നും വനിതാ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
നൂഹിലെ അക്രമത്തെത്തുടർന്ന്, വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്‌റങ്ദളും ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി സംഘടിപ്പിക്കുന്ന റാലികളിലും പ്രതിഷേധ മാർച്ചുകളിലും വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത് തടയാൻ നടപടിയെടുക്കാൻ ഈ മാസമാദ്യം തന്നെ സുപ്രീംകോടതി ഡൽഹി പോലീസിനോടും ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളോടും നിർദേശിച്ചിരുന്നു. റാലികൾ സംഘടിപ്പിക്കുമ്പോൾ ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങളോ അക്രമങ്ങളോ നടക്കാൻ പാടില്ല. ആവശ്യമുള്ളിടത്ത് മതിയായ പോലീസ് സേനയെ വിന്യസിക്കണമെന്നും സെൻസിറ്റീവ് പ്രദേശങ്ങളിലെ റാലികൾ പോലീസ് വീഡിയോഗ്രാഫ് ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു.