'ജന്തർ മന്തറിലേക്ക് വരൂ, ഞങ്ങളുടെ ശബ്ദമാകൂ'; വനിതാ കേന്ദ്ര മന്ത്രിമാരുടെ പിന്തുണ തേടി ഗുസ്തി താരങ്ങൾ
ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ തേടി കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിക്കും നിർമല സീതാരാമനും കത്തയച്ച് വനിതാ ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക ആരോപണ പരാതിയിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്മൃതി ഇറാനിക്കും നിർമല സീതാരാമനും ബിജെപിയുടെ 41 വനിതാ നേതാക്കൾക്കും കത്തയച്ചത്. ഭരണകക്ഷിയുടെ വനിതാ പാർലമെന്റ് അംഗങ്ങൾ എന്ന നിലയിൽ നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ടെന്നും തങ്ങളെ സഹായിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും കത്തിൽ പറയുന്നു. ജന്തർ മന്ദറിൽ എത്തി തങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരണമെന്നും നീതി ലഭ്യമാക്കണമെന്നും കത്തിൽ അഭ്യർഥിക്കുന്നു.
''ഇന്ത്യയിലെ വനിതാ ഗുസ്തി താരങ്ങളായ ഞങ്ങൾ, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനാൽ ലൈംഗികമായി ആക്രമിക്കപ്പെട്ടു. അദ്ദേഹം ഫെഡറേഷന്റെ പ്രസിഡന്റായ കാലയളവിലെല്ലാം, ഗുസ്തി താരങ്ങൾ പലതവണ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും ഇതിനെതിരെ പ്രതികരിക്കാൻ ശബ്ദമുയർത്തിയെങ്കിലും ബ്രിജ് ഭൂഷണ്‍ തന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ഗുസ്തി താരങ്ങളുടെ ഭാവി നശിപ്പിച്ചു. എന്നാലിപ്പോൾ വനിതാ ഗുസ്തി താരങ്ങളുടെ മാനത്തിന് വേണ്ടി പോരാടുകയല്ലാതെ മറ്റൊരു മാർഗവുമില്ല''- കത്തിൽ പറയുന്നു.
ഞങ്ങൾ ഞങ്ങളുടെ ജീവിതവും കായിക വിനോദവും മാറ്റിവച്ച് ഞങ്ങളുടെ അന്തസ്സിന് വേണ്ടി പോരാടാൻ തീരുമാനിച്ചു. ജന്തർമന്തറിൽ കഴിഞ്ഞ 20 ദിവസമായി ഞങ്ങൾ നീതിക്കുവേണ്ടി പോരാടുകയാണ്. എന്നാൽ, ബ്രിജ് ഭൂഷണിന്റെ ഭരണകൂടത്തിന്മേലുളള സ്വാധീനം, നമ്മുടെ സർക്കാരിനെ ബധിരരും അന്ധരുമാക്കി മാറ്റിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
''ഭരണകക്ഷിയുടെ വനിതാ പാർലമെന്റ് അംഗങ്ങൾ എന്ന നിലയിൽ, ഞങ്ങൾക്ക് നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ട്. ഞങ്ങളെ സഹായിക്കാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ദയവായി ഞങ്ങളുടെ ശബ്ദമാകൂ, ഞങ്ങളുടെ അന്തസ്സ് സംരക്ഷിക്കൂ. ഞങ്ങളെ നയിക്കാൻ ജന്തർമന്തറിലെത്താൻ നിങ്ങൾക്ക് കുറച്ച് സമയം നീക്കിവയ്ക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു''- പ്രതിഷേധക്കാർ കുറിച്ചു.
അതിനിടെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു. വിവിധ രേഖകള്‍ ഹാജരാക്കാനും ബ്രിജ് ഭൂഷണ് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. വനിതാ താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരു എഫ്ഐആറും മറ്റുള്ളവരുടെ പരാതിയില്‍ ഒരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. പോക്സോ കേസ് ഉള്‍പ്പെടെയാണ് ബ്രിജ് ഭൂഷണിനെിരെ ചുമത്തിയിരിക്കുന്നത്.
25 ദിവസത്തോളമായി ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ സമരം തുടരുകയാണ്. പോക്സോ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് ഇതുവരെ തയ്യാറായില്ല. ഇതോടെയാണ് ഗുസ്തി താരങ്ങൾ നിലപാട് കടുപ്പിച്ചത്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അവര്‍.