'വൈവാഹിക നിലയല്ല സ്ത്രീയുടെ വ്യക്തിത്വം'; വിധവയായതിനാല്‍ അമ്പലത്തിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

'വൈവാഹിക നിലയല്ല സ്ത്രീയുടെ വ്യക്തിത്വം'; വിധവയായതിനാല്‍ അമ്പലത്തിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഈറോഡ് ജില്ലയിലെ പെരിയകറുപരായൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് തങ്കമണിയെന്ന സ്ത്രീ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം
Updated on
1 min read

വിധവയായ സ്ത്രീ അമ്പലത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. നിയമവ്യവസ്ഥ നിലനിൽക്കുന്ന പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല നടപടിയെന്ന് കോടതി വിമർശിച്ചു. ജസ്റ്റിസ് ആനന്ദ് വെങ്കടേശിന്റേതാണ് നിരീക്ഷണം. ഓരോ സ്ത്രീയ്ക്കും അവരുടേതായ വ്യക്തിത്വമുണ്ട്. വൈവാഹിക നിലയനുസരിച്ച് അതിന് ഇടിവൊന്നും സംഭവിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈറോഡ് ജില്ലയിലെ പെരിയകറുപരായൻ ക്ഷേത്രത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെതിരെ തങ്കമണിയെന്ന സ്ത്രീ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

വിധവകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അശുദ്ധി സംഭവിക്കുമെന്ന പുരാതന വിശ്വാസങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. ഈ അർത്ഥശൂന്യമായ വിശ്വാസങ്ങളെയെല്ലാം തകർക്കാൻ പരിഷ്‌കർത്താക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും, ചില ഗ്രാമങ്ങളിൽ ഇത് തുടരുന്നു" - മദ്രാസ് ഹൈക്കോടതി പറഞ്ഞു. പുരുഷൻ തന്റെ സൗകര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ പിടിവാശികളും നിയമങ്ങളും എന്നതിലുപരി സ്ത്രീയെ അപമാനിക്കുന്നത് കൂടിയാണ് നടപടിയെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ഓഗസ്റ്റ് ഒൻപത്, പത്ത് തീയതികളിൽ നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു തങ്കമണിയുടെ ഹർജി. പൂജാരിയായിരുന്ന ഭർത്താവ് ആറ് വർഷങ്ങൾക്ക് മുൻപ് മരിച്ചതിന് ശേഷം ക്ഷേത്രത്തിൽ പ്രവേശിക്കാൻ തങ്കമണിയെ അനുവദിച്ചിരുന്നില്ല. ചിലർ ഭീഷണിപ്പെടുത്തിയതായും വിധവയായതിനാലാണ് ഇത്തരം അനുഭവമുണ്ടായതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

'വൈവാഹിക നിലയല്ല സ്ത്രീയുടെ വ്യക്തിത്വം'; വിധവയായതിനാല്‍ അമ്പലത്തിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി
മണിപ്പൂരില്‍ വീണ്ടും സംഘർഷം; മൂന്ന് മെയ്തികൾ കൊല്ലപ്പെട്ടു, അക്രമികളെത്തിയത് കേന്ദ്ര സേനയുടെ ബഫർസോണ്‍ മറികടന്ന്

ദൈവത്തെ ആരാധിക്കാനും ഉത്സവത്തിൽ പങ്കെടുക്കാനും തങ്കമണിക്ക് അവകാശമുണ്ടെന്നും അവരെ തടയാൻ ആർക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീയെ ഭീഷണിപ്പെടുത്തുന്നവരെ വിളിച്ചുവരുത്തി ക്ഷേത്രത്തിൽ കയറുന്നതും ഉത്സവത്തിൽ പങ്കെടുക്കുന്നതും തടയാനാകില്ലെന്ന് അറിയിക്കണമെന്ന് പോലീസിന് കോടതി നിർദേശം നൽകി. എതിർഭാഗത്തുനിന്ന് ഇനിയും അത്തരം പ്രവർത്തനങ്ങളുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in