ഡല്‍ഹി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും ചട്ടവിരുദ്ധം; ഫാമുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
ഡല്‍ഹി നോയിഡയിലെ വെള്ളപ്പൊക്കത്തിൽ യമുനാ തീരത്ത് കുടുങ്ങിയ അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. നദിക്ക് സമീപത്ത് അനധികൃതമായി നിർമിച്ച ഫാം ഹൗസുകളിൽ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്.
യമുനാ നദിക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിൽ ചട്ടം മറികടന്ന് നിർമിച്ച ഫാം ഹൗസുകളിലാണ് വെള്ളം ഉയർന്നപ്പോൾ തൊഴിലാളികള്‍ കുടുങ്ങിയത്. എൻടിആർഎഫ് സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ 500 ലധികം ആളുകളെ ഫാം ഹൗസുകളിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
പ്രദേശം വെള്ളത്തിനിടയിലാകുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആയിരക്കണക്കിന് വരുന്ന തൊഴിലാളികളെ കൃത്യസമയത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിഞ്ഞിരുന്നില്ല. നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ യമുനാതീരത്ത് സെക്ടർ 135-ൽ നാഗ്ലി വാജിദ്പൂർ ഗ്രാമത്തിനടുത്താണ് ഈ അനധികൃത ഫാം ഹൗസുകൾ സ്ഥിതി ചെയ്യുന്നത്.
വെള്ളം കയറിയതോടെ സ്ത്രീകളുൾപ്പടെയുള്ള സംഘത്തിൽ പലരും രണ്ടാം നിലയിൽ അഭയം പ്രാപിച്ചിരുന്നു. കുറച്ച് ഭക്ഷണവും വെള്ളവും ഇവരുടെ കയ്യിലുണ്ടായിരുന്നുവെങ്കിലും അത് തീർന്നിരുന്നു.
വ്യാഴാഴ്ച, സ്ഥിതിഗതികള്‍ വിലയിരുത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ വഴി ബോട്ടിൽ സഞ്ചരിച്ചപ്പോഴാണ് ഇവിടെ ആളുകൾ കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, നോയിഡ പോലീസ്, അഗ്നിശമന സേന, നോയിഡ അതോറിറ്റി തുടങ്ങിയവരുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
'വെള്ളപ്പൊക്കമുണ്ടായ ഭൂരിഭാഗം കെട്ടിടങ്ങളും അനധികൃതമായി നിർമിച്ചവയാണ്. സമീപ വർഷങ്ങളിൽ, 250-ലധികം ഫാം ഹൗസുകൾ ഞങ്ങൾ കയ്യേറ്റ വിരുദ്ധ നീക്കങ്ങൾക്കായി പൊളിച്ചുനീക്കി. ഇത്തരത്തിലുള്ള 500-600 അനധികൃത കെട്ടിടങ്ങൾ കൂടി ഉണ്ടെന്നാണ് ഇവിടെ നടത്തിയ സർവേയില്‍ വ്യക്തമായത്. വരും ദിവസങ്ങളിൽ ഇവയ്‌ക്കെതിരെ നടപടി ഉറപ്പാക്കും.' നോയിഡ അതോറിറ്റി സിഇഒ ഋതു മഹേശ്വരി പിടിഐയോട് പ്രതികരിച്ചു.
"കഴിഞ്ഞ 10 ദിവസമായി ഈ മേഖലയിൽ കനത്ത മഴ തുടരുകയും നദികളിൽ ജലനിരപ്പ് ഉയരുകയും ചെയ്തപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും പലരും യഥാസമയം സുരക്ഷിതസ്ഥാനത്തേക്ക് മാറാതെ മാറിനിൽക്കുകയായിരുന്നു. ഇവരിൽ 3,610 പേരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്." ജില്ലാ മജിസ്ട്രേറ്റ് മനീഷ് കുമാർ വർമ പറഞ്ഞു.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രളയബാധിത ജില്ലകളിലേക്ക് വിവിധ മന്ത്രിമാരെ നിയമിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, ടോയ്‌ലറ്റ്, വൈദ്യുതി തുടങ്ങിയ ശരിയായ സൗകര്യങ്ങൾ ഉറപ്പാക്കാൻ മന്ത്രിമാരുമായി ബന്ധപ്പെട്ട് പ്രവർത്തനം ഏകോപിപ്പിക്കാനാണ് തീരുമാനം.