ലോകത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ ഇനി ആന്ധ്രപ്രദേശിൽ; വൈഎസ് ജഗൻമോഹൻ റെഡ്ഡി അനാച്ഛാദനം ചെയ്യും
ലോകത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അനാച്ഛാദനം ചെയ്യും. 206 അടിയാണ് ഭൂമിയിൽ നിന്നുള്ള പ്രതിമയുടെ ഉയരം. 81 അടി പീഠത്തിൽ 125 അടി ഉയരത്തിലാണ് പ്രതിമയുള്ളത്. 'സാമൂഹിക നീതിയ്ക്കായുള്ള പ്രതിമ' എന്ന വിശേഷണമുള്ള വിജയവാഡയിലെ പുതിയ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 50 പ്രതിമകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ഗുജറാത്തിലെ നര്‍മ്മദ ജില്ലയില്‍ സ്ഥാപിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ. കഴിഞ്ഞ വർഷം ഹൈദരാബാദിൽ സ്ഥാപിതമായ 175 അടി ഉയരമുള്ള അംബേദ്‌കർ പ്രതിമയാണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. 98കാരനായ രാംവാഞ്ചി സുതാറാണ് ഹൈദരാബാദിലെ അംബേദ്‌കർ പ്രതിമയുടെ ശില്പി. ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമയായ ഗുജറാത്തിലെ, സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ‘ഏകതാ പ്രതിമ’ രൂപകല്പനചെയ്തതും ഇദ്ദേഹമാണ്.
അമേരിക്കയിലെ മേരിലാൻഡിൽ കഴിഞ്ഞ വർഷം ഒക്ടോബർ 14ന് അനാച്ഛാദനം ചെയ്ത അംബേദ്‌കർ പ്രതിമയാണ് ലോകത്തിൽ രണ്ടാം സ്ഥാനത്ത്.
'വിജയവാഡയിൽ സ്ഥാപിച്ചിട്ടുള്ള അംബേദ്കറുടെ 206 അടി ഉയരമുള്ള ശിൽപം സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയും പ്രതീക'മാണെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചത്.
18.81 ഏക്കർ സ്ഥലത്ത് 404.35 കോടി രൂപ നിർമാണച്ചെലവിലാണ് അംബേദ്‌കറിന്റെ കൂറ്റൻ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നത് മുതൽ രൂപകല്പന വരെ, ഒരു സമ്പൂർണ്ണ 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിലാണ് പ്രതിമയുടെ നിർമ്മാണം. 360 ടൺ ഉരുക്ക് ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചത്.
അംബേദ്കറുടെ ജീവിതം പ്രദർശിപ്പിക്കാൻ എൽഇഡി സ്‌ക്രീനുകളും 2000 ഇരിപ്പിടങ്ങളുള്ള കൺവെൻഷൻ സെന്റർ, 8000 ചതുരശ്ര അടി വിസ്തീർണമുള്ള ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.