മെഡലുകൾ നെഞ്ചോട് ചേര്‍ത്ത്, നിറകണ്ണുകളോടെ ഗുസ്തിതാരങ്ങള്‍ ഹരിദ്വാറില്‍; പിന്തുണയുമായി വൻ ജനാവലി
പ്രതിഷേധത്തിന്‌റെ ഭാഗമായി രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയിലൊഴുക്കാന്‍ ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഗംഗാതീരത്ത് എത്തിയത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങളുടെ സമരം. അതേസമയം ഇന്ത്യാഗേറ്റില്‍ സമരം നടത്താന്‍ ഗുസ്തിതാരങ്ങളെ അനുവദിക്കില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
ബ്രിജ്ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ച ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുമാണ് രാജ്യത്തിന് വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗയിൽ ഒഴുക്കുമെന്ന പ്രഖ്യാപനവുമായി താരങ്ങളെത്തിയത്. ബജ്രംഗ് പുനിയ, സാക്ഷിമാലിക് അടക്കമുള്ളവർ ഹരിദ്വാരിൽ എത്തിയത് വികാരാധീനരായി. രാജ്യത്തിന്റെ യശസ് ഉയർത്തി രാജ്യാന്തരവേദികളിൽ നേടിയ മെഡലുകൾ നദിയിലൊഴുക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അവർ. വലിയ ജനക്കൂട്ടമാണ് ഹരിദ്വാരിലെ ഗംഗാതീരത്ത് ഉള്ളത്. നിറകണ്ണുകളോടെ മെഡലുകൾ നെഞ്ചോട് ചേർത്ത് താരങ്ങൾ ആൾക്കൂട്ടത്തിന് മധ്യത്തിലിരുന്നു.
ജന്തർമന്തറിൽ ആഴ്ചകളായി സമരം നടത്തുന്ന ഗുസ്തി താരങ്ങൾ ഇന്ത്യാഗേറ്റിൽ മരണം വരെ നിരാഹാര സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചരിത്ര സ്മാരകമായതിനാൽ ഇന്ത്യാഗേറ്റിൽ സമരം അനുവദിക്കില്ലെന്ന നിലപാടിലാണ് ഡൽഹി പോലീസ്.
അതേസമയം ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്തെത്തി. താരങ്ങളെ കയ്യേറ്റം ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതെന്നും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായ അനിൽ കുംബ്ലെ ട്വീറ്റ് ചെയ്തു. ''രാജ്യം മുഴുവന്‍ ഞെട്ടലിലാണ്. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ശാഠ്യം വെടിയാന്‍ പ്രധാനമന്ത്രി തയ്യാറാകണം.''- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് പേർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പരാതി. ജനുവരിയിൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ മേൽനോട്ട സമിതിയെ നിയോഗിച്ചിരുന്നു. യാതൊരു തീരുമാനവുമുണ്ടാകാത്ത സാഹചര്യത്തിൽ ഏപ്രിലിൽ അവര്‍ വീണ്ടും പ്രതിഷേധം കടുപ്പിച്ചത്. സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ കേസെടുത്തെങ്കിലും അറസ്റ്റോ മറ്റ് നടപടികളോ ഇതുവരെയുണ്ടായില്ല. ഇതോടെ പാർലമെന്റ് മന്ദിരോദ്ഘാടനവേളയിൽ വലിയ പ്രതിഷേധ മാർച്ച് ആസൂത്രണം ചെയ്തു. മാർച്ച് തടഞ്ഞ പോലീസ്, ഗുസ്തിതാരങ്ങളെ മർദിച്ചു. ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവച്ചു.