പാര്‍ലമെന്റ് മാര്‍ച്ച്: ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമത്തിന് കേസ്, കസ്റ്റഡിയിലെടുത്ത വനിതാ താരങ്ങളെ വിട്ടയച്ചു
ഉദ്ഘാടനം ചെയ്ത ദിവസം തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. ജന്തര്‍ മന്തറിൽ നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയ ഗുസ്തി താരങ്ങൾക്കും, സംഘാടകർക്കുമെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഐപിസി 147 (കലാപശ്രമം), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 186 (ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക), 188 (കൃത്യനിർവഹണം തടസപ്പെടുത്തൽ), 332 (ഉദ്യോഗസ്ഥരെ ആക്രമിക്കുക), എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിഷേധത്തിനെതിരായ പോലീസ് നടപടിക്ക് പിന്നാലെ കസ്റ്റഡിയിലെടുത്ത സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, തുടങ്ങിയ താരങ്ങളെ പോലീസ് വിട്ടയച്ചു. എന്നാല്‍ ബജ്റങ് പൂനിയ കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതിഷേധത്തിനിടയിൽ ബലം പ്രയോഗിച്ചും വലിച്ചിഴച്ചമാണ് പോലീസ് താരങ്ങളെ കസ്റ്റഡിയിലെടുത്തത്. ഗുസ്തി താരങ്ങൾക്കെതിരെ പോലീസ് നടത്തിയ കയ്യേറ്റത്തിൽ രാജ്യവ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്‌രിവാൾ നേതാക്കളും, ഒളിംപ്യന്‍ നീരജ് ചോപ്ര തുടങ്ങിയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നും ഒപ്പം ജന്തർമന്തറിൽ പ്രതിഷേധിച്ച ഗുസ്തിക്കാരെ തടഞ്ഞുവച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പോലീസ് കമ്മീഷണർക്ക് കത്തയച്ചു. ഗുസ്തി താരങ്ങളെയും അവരുടെ കുടുംബങ്ങളെയും എത്രയും വേഗം തന്നെ ഡൽഹി പോലീസ് മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജന്തര്‍ മന്തറിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ഗുസ്തി താരങ്ങളും സമരത്തിന് പിന്തുണയുമായെത്തിയവരും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കായിരുന്നു മാർച്ച് നടത്തിയത്. എന്നാൽ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റിലും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചത്