നീതി തേടി തെരുവിൽ, പാരീസിൽനിന്ന് കണ്ണീരോടെ മടക്കം; തിരഞ്ഞെടുപ്പ് ഗോദയിൽ വിജയഹസ്തമുയർത്തി വിനേഷ് ഫോഗട്ട്

നീതി തേടി തെരുവിൽ, പാരീസിൽനിന്ന് കണ്ണീരോടെ മടക്കം; തിരഞ്ഞെടുപ്പ് ഗോദയിൽ വിജയഹസ്തമുയർത്തി വിനേഷ് ഫോഗട്ട്

അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ വിനേഷിനെ, അതേ മെഡലുകളെ സാക്ഷിനിർത്തിയാണ് പോലീസും അർധസൈനികരും തെരുവിൽ വലിച്ചിഴച്ചത്
Updated on
4 min read

തിരഞ്ഞെടുപ്പ് ഗോദയിൽ കരുത്തുകാട്ടി ഹരിയാന നിയമസഭയിലേക്ക് എത്തുകയാണ് ഇന്ത്യയുടെ അഭിമാന ഗുസ്തിതാരം വിനേഷ് ഫോഗട്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്റെ ആദ്യ അങ്കത്തിലാണ് ജുലാന മണ്ഡലത്തിൽനിന്ന് 6015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനേഷ് വിജയം നേടിയത്.

നീതി തേടി തെരുവിൽ, പാരീസിൽനിന്ന് കണ്ണീരോടെ മടക്കം; തിരഞ്ഞെടുപ്പ് ഗോദയിൽ വിജയഹസ്തമുയർത്തി വിനേഷ് ഫോഗട്ട്
പാരീസ് ഒളിമ്പിക്‌സ്: വിനേഷ് ഫോഗട്ടിന് മെഡലില്ല, വെള്ളി മെഡൽ ആവശ്യപ്പെട്ട് നൽകിയ ഹർജി രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളി

വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാന താരമായ വിനേഷിന് സമീപ വർഷങ്ങളിൽ മൽപ്പിടുത്തം നടത്തേണ്ടി വന്നത് ശക്തരായ എതിരാളികളോട് മാത്രമായിരുന്നില്ല. ഒരേസമയം രാജ്യത്തെ സർക്കാർ സംവിധാനത്തോടും ഭരണകൂടവും തനിക്ക് നേരെ നീട്ടിയെറിഞ്ഞ അനീതിയോടുമായിരുന്നു. അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ വിനേഷിനെ, അതേ മെഡലുകളെ സാക്ഷിനിർത്തിയാണ് പോലീസും അർധസൈനികരും തെരുവിൽ വലിച്ചിഴച്ചത്. രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ, തങ്ങൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമങ്ങൾക്കു നേരെ ഒരു വർഷത്തോളം തെരുവിൽ പ്രതിഷേധിക്കുന്ന അത്യപൂർവ കാഴ്ചയ്ക്കാണ് അന്ന് രാജ്യം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.

വിനേഷ് ചോദിച്ചത് നീതിയാണ്. സഹതാരങ്ങൾക്കുനേരെ നടന്ന ലൈംഗിക ചൂഷണങ്ങൾക്കുനേരെയാണ് അവർ ശബ്ദമുയർത്തിയത്. ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങെന്ന ബിജെപി എംപിക്കെതിരായ പോരാട്ടമായിരുന്നു അത്

വിനേഷ് ചോദിച്ചത് നീതിയാണ്. സഹതാരങ്ങൾക്കുനേരെ നടന്ന ലൈംഗിക ചൂഷണങ്ങൾക്കുനേരെയാണ് അവർ ശബ്ദമുയർത്തിയത്. ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങ്ങെന്ന ബിജെപി എംപിക്കെതിരായ പോരാട്ടമായിരുന്നു അത്. എന്നാൽ ഭരണകൂടം യാതൊരു അപമാനഭാരവുമില്ലാതെ കുറ്റവാളിയെ സംരക്ഷിക്കാൻ ഉറച്ചപ്പോളാണ് വിനേഷ് അടക്കമുള്ള ഗുസ്തി താരങ്ങൾ തോറ്റത്. നിരത്തിൽ ചോരയും വിയർപ്പും വീഴ്ത്തിയിട്ടും അവസാന നിമിഷം വരെ പോരാടിയിട്ടും ഇന്നും നീതി അകലെയാണ്. ഒളിമ്പിക്സ് വേദിയിൽ അവസാന നിമിഷം നഷ്ടപ്പെട്ട സ്വർണം വിനേഷിന്റെ സ്വപ്നങ്ങൾക്കുമേൽ വീണ്ടും ഇടിത്തീപോലെ വീണു. ശേഷമാണ് ഹരിയാനയുടെ മണ്ണിൽനിന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ വിനേഷ് തീരുമാനിച്ചത്.

നീതി തേടി തെരുവിൽ, പാരീസിൽനിന്ന് കണ്ണീരോടെ മടക്കം; തിരഞ്ഞെടുപ്പ് ഗോദയിൽ വിജയഹസ്തമുയർത്തി വിനേഷ് ഫോഗട്ട്
'നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു, ഇനിയെനിക്ക് ശക്തിയില്ല'; അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഹരിയാനയിലെ ചാർഖി ദാദ്രിയിലെ പരമ്പരാഗത ഗുസ്തി കുടുംബത്തിൽപ്പെട്ടയാളാണ് വിനേഷ് ഫോഗട്ട്. 2013 ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞാണ് കായികലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കരുത്തയായ യന ററ്റിഗനെ അട്ടിമറിച്ച് സ്വർണമണിഞ്ഞു. 2018, 2022 വർഷങ്ങളിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടി. 2019, 2022 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. 2021 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി.

2018 ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയപ്പോൾ കോമൺവെൽത്ത് , ഏഷ്യൻ ഗെയിംസ് എന്നിവയിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി മാറി ഫോഗട്ട്.

2015 ൽ റിയോ ഒളിമ്പിക്സിൽ മത്സരിക്കുമ്പോൾ 21 വയസായിരുന്നു വിനേഷിന് പ്രായം. 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം. റൊമാനിയയുടെ എമിലിയ അലിന വുസിനെ 11-0 ന് തകർത്ത് തുടക്കം. എന്നാൽ മത്സരത്തിനിടെ പരുക്കേറ്റതോടെ പിന്മാറേണ്ടി വന്നു. രണ്ടു വർഷത്തിനുശേഷമാണ് ഈ പരുക്ക് പൂർണമായും ഭേദമായത്.

റിയോയിൽനിന്ന് ടോക്കിയോ ഒളിമ്പിക്സിൽ എത്തുമ്പോഴേക്കും വലിയ നേട്ടങ്ങളാണ് വിനേഷ് കൈവരിച്ചിരുന്നത്. ആകെ 17 ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും 16 മെഡൽ നേടുകയും ചെയ്തു. ഒൻപത് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവുമാണ് ഈ കാലയളവിനുള്ളിൽ വിനേഷിന്റെ മെഡൽ വേട്ട.

ടോക്കിയോ ഒളിമ്പിക്സ് നടന്ന 2020 ൽ ലോക ഒന്നാം നമ്പർ താരമാണ് വിനേഷ്. 53 കിലോ ഗ്രാം വെയ്റ്റ് ക്ലാസിൽ ടോപ് സീഡും 2021-ലെ ഏഷ്യന്‍ ചാമ്പ്യനുമായിരുന്നു വിനേഷ്. 53 കിലോയായിരുന്നു അപ്പോൾ വിനേഷിന്റെ മത്സരവിഭാഗം. എന്നാൽ റിയോയിൽ ക്വാട്ടർ ഫൈനലിൽ പരാജയപ്പെട്ട് പുറത്തായതോടെ വിനേഷിന്റെ ഒളിമ്പിക്സ് സ്വപ്‌നങ്ങൾ വീണ്ടും പൊലിഞ്ഞു.

ലോകോത്തര താരങ്ങളും ഫെഡറേഷനുകളും അപലപിച്ചിട്ട് പോലും പക്ഷേ, ഗുസ്തി താരങ്ങളെ കേള്‍ക്കാനോ ബ്രിജ് ഭൂഷണിനെ തള്ളിപ്പറയാനോ നരേന്ദ്ര മോദിയും ബിജെപിയും തയാറായിട്ടില്ല. നീതി ഏറെ അകലെയാണു താനും

2024 സമ്മർ ഒളിമ്പിക്സിൽ, അന്നത്തെ ഒളിമ്പിക് ചാമ്പ്യൻ യുയി സുസാക്കിയെ പരാജയപ്പെടുത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഗുസ്തിക്കാരിയായി വിനേഷ് മാറി. ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാകാൻ തയ്യാറെടുക്കവെ, ഭാരം വിനേഷിനെ ചതിച്ചു. നിശ്ചിത ഭാരത്തിൽ നിന്ന് 100 ഗ്രാം കൂടിയതിന്റെ പേരിൽ വിനേഷിനെ അയോഗ്യയാക്കി. ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയിലായിരുന്നു വിനേഷ് പരാജയപ്പെട്ടത്. വെള്ളിമെഡല്‍ ആവശ്യപ്പെട്ട് വിനേഷ് നല്‍കിയ അപ്പീല്‍ രാജ്യാന്തര കായിക തർക്കപരിഹാര കോടതി തള്ളി. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും രോഷത്തിനും ഈ സംഭവം കാരണമായി. പിന്നാലെ വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. ഭാരം കൂടിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയമുണ്ടെന്ന തരത്തിൽ ഗുരുതര ആരോപണങ്ങൾ വിരമിക്കൽ വേളയിൽ വിനേഷ് നടത്തിയിരുന്നു.

സമരം ചെയ്ത് തെരുവിൽ

കൈസര്‍ഗഞ്ച് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മേധാവിയുമായ ബ്രിജ് ഭൂഷൺ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പടെ വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഗുസ്തി താരങ്ങൾ ഉയർത്തുന്നത് 2023 ജനുവരിയിലാണ്. പ്രൊഫഷണല്‍ നേട്ടം വാഗ്‌ദാനം ചെയ്ത് തങ്ങളെ ലൈംഗികമായി ബ്രിജ്‌ ഭൂഷണ്‍‍ ചൂഷണം ചെയ്തെന്ന ആരോപണം വനിത ഗുസ്തി താരങ്ങള്‍ ഉയർത്തി. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടയിലും ദേശീയവേദികളിലും വെച്ച് തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായായിരുന്നു തുറന്നുപറച്ചില്‍. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് പരാതിക്കാരാണ് രംഗത്തുവന്നത്.

തുടർന്ന് സാക്ഷി മാലിക്കും ബജ്‌രങ് പൂനിയയും വിനേഷും ഉൾപ്പടെ മുപ്പതിലധികം ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണിന്റെ രാജിയും ഗുസ്തി ഫെഡറേഷന്റെ പിരിച്ചുവിടലും ആവശ്യപ്പെട്ട് തെരുവിലിറങ്ങി. ജന്തർ മന്തറിലെ ആദ്യഘട്ട സമരം മൂന്ന് ദിവസം നീണ്ടു. കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ചു. പരാതികള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിനായിരുന്നു നടപടി. എന്നാൽ സർക്കാർ വാക്കുപാലിക്കാതെ വന്നതോടെ ഏപ്രില്‍ 23ന് രണ്ടാം ഘട്ട സമരങ്ങള്‍ക്കു തുടക്കമായി.

നീതി തേടി തെരുവിൽ, പാരീസിൽനിന്ന് കണ്ണീരോടെ മടക്കം; തിരഞ്ഞെടുപ്പ് ഗോദയിൽ വിജയഹസ്തമുയർത്തി വിനേഷ് ഫോഗട്ട്
ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം

ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പോക്സോ വകുപ്പുള്‍പ്പെടെ ചുമത്തിയിട്ടും ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തയാറായില്ല. ഇതോടെ ഗുസ്തി താരങ്ങളും നിലപാട് കടുപ്പിച്ചു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് എടുത്ത് അവര്‍ ജന്തര്‍മന്തറില്‍ തുടര്‍ന്നു. സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ആദ്യം ജന്തർ മന്തറില്‍നിന്ന് താരങ്ങളെ നീക്കാനുള്ള ഡല്‍ഹി പോലീസിന്റെ ശ്രമം കയ്യാങ്കളിയിലാണ് അവസാനിച്ചത്. വനിതാ പോലീസുകാരുടെ അഭാവത്തിലായിരുന്നു നടപടി. വിനേഷിനെയും സാക്ഷിയെയും സംഗീത ഫോഗട്ടിനെയും അതിക്രമിച്ചതായി ആരോപണം ഉയർന്നു. വിനേഷിന് ഗുരുതരമായ പരുക്കേറ്റു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു ഡല്‍ഹി പോലീസിന്റെ ഏറ്റവും ക്രൂരമായ അതിക്രമം. പാർലമെന്റിലേക്ക് മാർച്ചുമായി എത്തിയ ഗുസ്തിതാരങ്ങളെ തെരുവില്‍ നേരിട്ടു, വലിച്ചിഴച്ചു. ഇതിന്റെ ഫോട്ടോകളും ദൃശ്യങ്ങളും വലിയ പ്രാധാന്യത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവിധ കോണുകളിൽനിന്ന് വിമർശനമുയരുകയും ചെയ്തു. പക്ഷേ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ വിഷയത്തിൽ മൗനം തുടർന്നു. ലോക ഗുസ്തി ഫെഡറേഷൻ സംഭവത്തെ അപലപിച്ചു. പിന്നീട് വൈകാരികമായിരുന്നു സംഭവങ്ങള്‍. രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കി പ്രതിഷേധിക്കുമെന്നായിരുന്നു താരങ്ങളുടെ തീരുമാനം. എന്നാൽ കർഷക നേതാക്കളെത്തി വിനേഷ് അടക്കമുള്ള താരങ്ങളെ പിന്തിരിപ്പിച്ചു.

ജൂണില്‍ ഗുസ്തി താരങ്ങള്‍ കായിക മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ഗുസ്തി ഫൈഡറേഷൻ സസ്പെൻഡ് ചെയ്തു. ബ്രിജ് ഭൂഷണെതിരെ കുറ്റപത്രവും ഡല്‍ഹി പോലീസ് തയാറാക്കി. എന്നാല്‍ ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തെ വിമർശിച്ചും ഗുസ്തിതാരങ്ങള്‍ രംഗത്തെത്തി. ബ്രിജ് ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തുന്നതെന്നും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ പ്രതികരണം. 2023 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണിന്റെ പാനല്‍ വിജയിച്ചു. ഗുസ്തി താരങ്ങള്‍ പിന്തുണച്ച അനിത ഷിറോണ്‍ പരാജയപ്പെട്ടു.

ഇതിനുപിന്നാലെയായിരുന്നു സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബജ്‌രങ് തനിക്ക് രാജ്യം നല്‍കിയ പുരസ്കാരങ്ങള്‍ മടക്കി നല്‍കി. വിനേഷും ആ പാത പിന്തുടർന്നു. നിരാശ കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ തന്നെ കേന്ദ്ര കായിക മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു.

ലോകോത്തര താരങ്ങളും ഫെഡറേഷനുകളും അപലപിച്ചിട്ട് പോലും പക്ഷേ, ഗുസ്തി താരങ്ങളെ കേള്‍ക്കാനോ ബ്രിജ് ഭൂഷണിനെ തള്ളിപ്പറയാനോ നരേന്ദ്ര മോദിയും ബിജെപിയും തയാറായിട്ടില്ല. നീതി ഏറെ അകലെയാണു താനും. ഗോദയിലും രാജ്യത്തെ തെരുവിലും സമാനതകളില്ലാത്ത പോരാട്ടം നടത്തിയാണ് വിനേഷ് രാഷ്ട്രീയത്തിലെത്തുന്നത്.

logo
The Fourth
www.thefourthnews.in