പ്രതിഷേധച്ചൂടിലും സർക്കാരിന് അനക്കമില്ല; കർഷക നേതാക്കളുടെ ഉറപ്പിൽ മെഡൽ ഗംഗയിൽ ഒഴുക്കാതെ മടങ്ങി ഗുസ്തി താരങ്ങൾ
മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കാന്‍ ഹരിദ്വാരിലെത്തിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍. താരങ്ങളില്‍ നിന്ന് മെഡലുകള്‍ ഏറ്റെടുത്ത കര്‍ഷക സമര നേതാവ് നരേഷ് ടികായത്ത് പ്രശ്‌നപരിഹാരത്തിന് അഞ്ച് ദിവസത്തെ സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഗുസ്തിതാരങ്ങള്‍ മെഡലുകള്‍ നദിയിലൊഴുക്കുന്നതില്‍ നിന്ന് പിന്മാറി. രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കണ്ട് മട്ട് നടിച്ചിട്ടില്ല.
വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് ഹരിദ്വാറിലെ ഗംഗാതീരം ഒന്നര മണിക്കൂറോളം സാക്ഷിയായത്. ആറ് മണിയോടെ ഗംഗാതീരത്തെത്തിയ താരങ്ങള്‍ കൈയില്‍ രാജ്യത്തിനായി നേടിയ മെഡലുകളും കരുതിയിരുന്നു. സമരത്തിന് പിന്തുണയുമായെത്തിയത് വന്‍ ജനാവലി. നെഞ്ചോട് ചേര്‍ത്തു പിടിച്ച മെഡലുമായി പിന്തുണയ്ക്കാനെത്തിയവര്‍ക്കുമുന്നില്‍ താരങ്ങള്‍ വിങ്ങിപ്പൊട്ടി. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ താരങ്ങളെ പിന്തിരിപ്പിക്കാനോ കേന്ദ്ര സര്‍ക്കാരോ അധികൃതരോ ഇടപെട്ടില്ല.
ഇതിനിടെയാണ് കര്‍ഷക നേതാക്കള്‍ സമരത്തില്‍ ഇടപെട്ടത്. മെഡലുകള്‍ നദിയിലൊഴുക്കരുതെന്ന് രാകേഷ് ടിക്കായത്ത് അഭ്യര്‍ത്ഥിച്ചു. കര്‍ഷക സമര നേതാവ് നരേഷ് ടിക്കായത്ത് അടക്കമുള്ളവര്‍ ഹരിദ്വാരിലെത്തി. മെഡലുകള്‍ താരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങിയ നരേഷ് ടിക്കായത്ത് അഞ്ച് ദിവസം സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ഇടപെടലുകളാണ് കടുത്ത നടപടികളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിച്ചത്. മെഡസുകള്‍ ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് പിന്‍മാറിയ ഗുസ്തിതാരങ്ങള്‍ ഹരിദ്വാരില്‍ നിന്ന് മടങ്ങുകയും ചെയ്തു.
കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്. മോദിയുടെ അഹങ്കാരം നമ്മുടെ പെണ്‍മക്കളെ തോല്‍പ്പിച്ചെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. വീട്ടില്‍ നിന്ന് മെഡലുകള്‍ എടുത്ത് സമരത്തിന് ഇറങ്ങുന്ന സാക്ഷിമാലിക്കിന്‌റെ വീഡിയോയും കോണ്‍ഗ്രസ് പങ്കുവച്ചു. ഇനിയെങ്കിലും ശാഠ്യം വെടിയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. ഗുസ്തിതാരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ അനില്‍ കുംബ്ലെയെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിനന്ദിച്ചു. ഫുട്ബോൾ താരം സി കെ വിനീത് അടക്കമുള്ളവരും ഗുസ്തിതാരങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
ബ്രിജ്ഭൂഷണെതിരെ അഞ്ച് ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് സര്‍ക്കാരിന് കര്‍ഷക നേതാക്കളുടെ അന്ത്യശാസനം. എന്നാല്‍ സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മെഡല്‍ നദിയിൽ ഒഴുക്കുന്നതില്‍ നിന്ന് പിന്മാറിയ കായിക താരങ്ങളെ അവഹേളിക്കുന്ന നിലപാടാണ് ബിജെപി അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ സ്വീകരിക്കുന്നത്. അരങ്ങേറിയത് നാടകമെന്നാണ് ഇവരുടെ വിമർശനം.
ഗുസ്തി ഫെഡറേഷൻ ദേശീയ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി സ്വീകരിക്കാത്തതാണ് ഗുസ്തിത്താരങ്ങളുടെ കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രയാ പൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് പേരുടെ പരാതിയിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ മറ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. ഞായറാഴ്ച പാർലമെന്റ് മന്ദിരോദ്ഘാടനവേളയിൽ ഗുസ്തിതാരങ്ങൾ നിശ്ചയിച്ച മാർച്ച് തടഞ്ഞ പോലീസ്, ജന്തർമന്തറിലെ സമരവേദിയും പൊളിച്ചുനീക്കിയിരുന്നു. രാജ്യത്തിനായി അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ കായിക താരങ്ങളെ അതിക്രൂരമായാണ് പോലീസ് മർദിച്ചത്. ഇതാണ് സമരം ശക്തമാകുന്നതിന് വഴിവച്ചത്.