ശർമിളയുടെ വൈഎസ്ആര്‍ടി  കോണ്‍ഗ്രസില്‍ ലയിക്കും, തെലങ്കാനയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍

ശർമിളയുടെ വൈഎസ്ആര്‍ടി കോണ്‍ഗ്രസില്‍ ലയിക്കും, തെലങ്കാനയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ഇടപെടലിലാണ് തീരുമാനം
Updated on
1 min read

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർടി അധ്യക്ഷയുമായ വൈ എസ് ശർമിള കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ശർമിളയുടെ വൈഎസ്ആര്‍ടി തെലങ്കാന കോണ്‍ഗ്രസില്‍ ലയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടുത്ത ആഴ്ച ശർമിള ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തും. അവസാന വട്ട ചർച്ചകൾക്കായാണ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നത്. ചർച്ച വിജയിച്ചാൽ, കർണാടകയിൽ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രാകോൺഗ്രസിന്റെ നേതൃസ്ഥാനവുമാണ് കോൺഗ്രസ് ശർമിളയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

തെലങ്കാന സംസ്ഥാന രൂപീകരണത്തിനെ ഏറ്റവും കൂടുതൽ എതിർത്ത കോൺഗ്രസുമായി സഖ്യം രൂപീകരിക്കുന്നതും ശർമിള തെലങ്കാനയിൽ പ്രവർത്തിക്കുന്നതും തിരിച്ചടിയാകുമെന്നാണ് ടിഎസ്ആർ നേതാക്കളുടെ ആശങ്ക

പ്രിയങ്ക ഗാന്ധിയുടെ നിർദേശത്തില്‍ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ഇടപെടലിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി മേയ് 29നു ഷര്‍മിള ബെംഗളുരുവിലെത്തി ഡി കെ ശിവകുമാറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കർണാടക തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ കൂടിക്കാഴ്ചയിൽ, തെലങ്കാനയിൽ സഖ്യം രൂപീകരിക്കാനും വൈഎസ്ആറിന് ഏഴ് സീറ്റുകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ശർമിള ആന്ത്രയിലേക്ക് തിരിച്ചുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇതിന് ശർമിള എതിർപ്പറിയിച്ചിട്ടുണ്ട്.

തെലങ്കാന കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ ചില നേതാക്കൾ വൈഎസ്ആറിനെ ക്ഷണിച്ചിരുന്നെങ്കിലും, ടിപിസിസി പ്രസിഡന്റ് എ രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർ ഇതിനെ എതിർക്കുകയും ആന്ധ്രയിൽ പ്രവർത്തനം തുടരാന്‍ നിർദേശം വയ്ക്കുകയും ചെയ്തിരുന്നു. സഖ്യം രൂപീകരിക്കുന്നതും ശർമിള തെലങ്കാനയിൽ പ്രവർത്തിക്കുന്നതും തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആശങ്ക.

ശർമിളയുടെ വൈഎസ്ആര്‍ടി  കോണ്‍ഗ്രസില്‍ ലയിക്കും, തെലങ്കാനയില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍
'പിഎം കെയേഴ്സ്ഫണ്ടിലേക്ക് രത്തന്‍ ടാറ്റ സംഭാവന നല്‍കിയ 1000 കോടി എവിടെപ്പോയി': ഉദ്ധവ് താക്കറെ

അതേസമയം, തെലങ്കാനയിലെ പ്രധാന നേതാക്കളെ പാർട്ടി ഹൈക്കമാൻഡ് തിങ്കളാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തും. ഡി കെ ശിവകുമാർ തിങ്കളാഴ്ച ന്യൂഡൽഹിയിലെത്തി വൈ എസ് ശർമിള ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ തെലങ്കാന കോൺഗ്രസിലേക്ക് ചേർക്കുന്നത് ചർച്ച ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു. 2009 സെപ്റ്റംബർ രണ്ടിന് ഹെലികോപ്റ്റർ അപകടത്തിലാണ് ശർമിളയുടെ പിതാവും കോൺഗ്രസ് നേതാവുമായിരുന്ന വൈഎസ് രാജശേഖര റെഡ്ഡി മരിച്ചത്. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാൾ സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണെന്നും എടുത്തുപറയേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in