യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു, 205.81 മീറ്ററിലെത്തി; ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം
യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ കടന്നതോടെ ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം. യമുനയുടെ ജലനിരപ്പ് രാവിലെ ഏഴ് മണിയോടെ 205.81 മീറ്ററിലെത്തി. 206.7 മീറ്റർ ഉയരത്തിൽ നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഇന്ന് വൈകുന്നേരം 4 മണിയോടെ ഒഴിപ്പിക്കും. യമുനയിലെ ജലനിരപ്പ് പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ചില ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായതിനെ തുടര്‍ന്ന് ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് യമുന നദിയിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ശനിയാഴ്ച രാത്രി 10 മണി വരെ, യമുനയുടെ ഏറ്റവും ഉയർന്ന നില 205.02 മീറ്ററായിരുന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് തുറന്നുവിട്ട അധികജലം ഏകദേശം 36 മണിക്കൂറിന് ശേഷമാണ് ഡൽഹിയിലെത്തിയത്.
ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സജീവമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതായി ഡൽഹി പിഡബ്ല്യുഡി മന്ത്രി അതിഷി പറഞ്ഞു. മധ്യ, കിഴക്കൻ ജില്ലകളിലും യമുന നദിക്ക് സമീപമുള്ള യമുന ബസാർ, യമുന ഖാദർ എന്നിവിടങ്ങളിലും അധികൃതർ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, നോയിഡയിലെ ഹിൻഡൻ നദിയിൽ ഇന്നലെ രാത്രി ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ വീടുകളും വെള്ളത്തിനടിയിലായി. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ജൂലൈ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാഴ്ചയിലേറെയായി ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മൂലം പൊറുതിമുട്ടുകയാണ്. 27,000-ത്തിലധികം ആളുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. വരുമാനയിനത്തിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.