ദളിതനായതുകൊണ്ട് അവഗണിക്കുന്നു, 100 ദിവസമായി ഒരു ജോലിയും നൽകിയിട്ടില്ല; യോ​ഗി മന്ത്രിസഭയിൽ ആദ്യ രാജി

ദളിതനായതുകൊണ്ട് അവഗണിക്കുന്നു, 100 ദിവസമായി ഒരു ജോലിയും നൽകിയിട്ടില്ല; യോ​ഗി മന്ത്രിസഭയിൽ ആദ്യ രാജി

മറ്റൊരു മന്ത്രിയായ ജിതിൻ പ്രസാദയും യോഗിയോടുള്ള നീരസം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
Updated on
1 min read

യുപിയില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ ദളിത് വിവേചനമെന്ന് ആരോപണം. ദളിതനായതിനാൽ തന്നെ മാറ്റിനിർത്തുകയാണെന്ന് ആരോപിച്ച് ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാതിക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചു. 100 ദിവസമായിട്ട്, തനിക്കൊരു ജോലിയും നൽകിയിട്ടില്ല. ഇത് ദളിത് സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഖാതിക് രാജിക്കത്തില്‍ പറയുന്നു. ദളിത് സ്നേഹം പറഞ്ഞ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ യോഗി സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തുന്നതാണ് ഖാതിക്കിന്‍റെ ആരോപണങ്ങള്‍.

''ദളിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല. മന്ത്രിയെന്ന നിലയിൽ യാതൊരു അധികാരവുമില്ല. ദളിത് സമൂഹത്തിൽ നിന്ന് വന്ന ഒരാൾ എന്ന നിലയിൽ എന്റെ മന്ത്രിസ്ഥാനം വെറുതെയായി. ഇതുവരെ ഒരു യോ​ഗത്തിലും പങ്കെടുപ്പിച്ചിട്ടില്ല. എന്റെ വകുപ്പിനെ കുറിച്ച് ആരും ഒന്നും ചോദിക്കാറില്ല. ഇത് ദളിത് സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്'' -ഖാതിക് രാജിക്കത്തിൽ പറയുന്നു. വകുപ്പുതല സ്ഥലംമാറ്റത്തിലെ ക്രമക്കേടുകളെ കുറിച്ചും ഖാതിക് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

മറ്റൊരു മന്ത്രിയായ ജിതിൻ പ്രസാദയും യോഗിയോടുള്ള നീരസം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഔദ്യാ​ഗിക സംഘത്തിലെ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തതിലാണ് ജിതിൻ പ്രസാദയുടെ പ്രതിഷേധം. കഴിഞ്ഞ വർഷം യുപി തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപാണ്, ജിതിൻ പ്രസാദ കോൺഗ്രസിൽ നിന്ന് ബിജെപിയില്‍ എത്തിയത്.

നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയാണ് ജിതിൻ പ്രസാദയ്ക്ക്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിടുകയും നിരവധി ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രസാദയുടെ ഓഫീസിന്റെ ചുമതലയുള്ള ഐഎഎസ് ഓഫീസർ അനിൽ കുമാർ പാണ്ഡെയെ ആരോപണത്തെ തുടർന്ന് മാറ്റിയിരുന്നു. പാണ്ഡെയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in