പശ്ചിമ ബംഗാളിൽ വീണ്ടും ഗവർണർ- തൃണമൂൽ പോര്; എംഎൽമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന്  ആനന്ദബോസ്, പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

പശ്ചിമ ബംഗാളിൽ വീണ്ടും ഗവർണർ- തൃണമൂൽ പോര്; എംഎൽമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ആനന്ദബോസ്, പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

സയന്തിക ബാനർജി, റേയാത് ഹുസൈൻ സർക്കാർ എന്നീ എം എൽ എമാർക്ക് തിങ്കളാഴ്ച കത്തയച്ച ഗവർണർ, അവർ നിയമസഭാ നടപടികളിൽ പങ്കെടുക്കുകയോ സഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ പ്രതിദിനം 500 രൂപ പിഴ അടക്കേണ്ടി വരുമെന്നും അറിയിച്ചു
Updated on
1 min read

തൃണമൂൽ കോൺഗ്രസുമായി പുതിയ പോരിന് വഴിതുറന്ന് ഗവർണർ സി വി ആനന്ദബോസ്. തൃണമൂലിന്റെ രണ്ട് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഭരണഘടനാപരമായി ശരിയല്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഗവർണർ രംഗത്തുവന്നത്. സയന്തിക ബാനർജി, റേയാത് ഹുസൈൻ സർക്കാർ എന്നീ എം എൽ എമാർക്ക് തിങ്കളാഴ്ച കത്തയച്ച ഗവർണർ, അവർ നിയമസഭാ നടപടികളിൽ പങ്കെടുക്കുകയോ സഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ പ്രതിദിനം 500 രൂപ പിഴ അടക്കേണ്ടി വരുമെന്നും അറിയിച്ചു.

ജൂൺ ഒന്നിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട സയന്തിക ബാനർജിക്കും റേയാത് ഹുസൈൻ സർക്കാരിനും സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെ ആയിരുന്നു താൻ ചുമതലപ്പെടുത്തിയത് എന്നാണ് ഗവർണർ കത്തിൽ പറയുന്നത്. എന്നാൽ സത്യവാചകം ചൊല്ലിക്കൊടുത്തത് പശ്ചിമബംഗാൾ സ്‌പീക്കർ ബിമൻ ബാനർജിയാണ്. അതിന് അദ്ദേഹത്തിന് അധികാരമില്ല. അതുകൊണ്ടുതന്നെ ഇരുനിയമസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ലെന്നാണ് ഗവർണർ കത്തിൽ പറഞ്ഞുവയ്ക്കുന്നത്.

പശ്ചിമ ബംഗാളിൽ വീണ്ടും ഗവർണർ- തൃണമൂൽ പോര്; എംഎൽമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന്  ആനന്ദബോസ്, പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
'അവസാനത്തെ ചിരി എൻ്റേത്, നിങ്ങളുടെ അടുത്ത ഗ്രനേഡിനായി കാത്തിരിക്കുന്നു'; ലൈംഗികപീഡന ആരോപണത്തില്‍ സി വി ആനന്ദ ബോസ്

നേരത്തെ തന്നെ, ഇരുഎംഎൽഎമാരുടെയും സത്യപ്രതിജ്ഞ, ഗവർണർ -സർക്കാർ പോരിന് കാരണമായിരുന്നു. ഇരുവരും സത്യപ്രതിജ്ഞയ്ക്കായി രാജ് ഭവനിൽ പോകില്ലെന്നും നിയമസഭയിൽ വച്ചായിരിക്കണം സത്യവാചകം ചൊല്ലികൊടുക്കേണ്ടത് എന്നും നിലപാടെടുത്തതോടെ ആയിരുന്നു തർക്കം മുറുക്കിയത്. ഗവർണർ സി വി ആനന്ദബോസിനെതിരെ രാജ്ഭവനിലെ കരാർ ജീവനക്കാരി പരാതി നൽകിയ സാഹചര്യത്തിൽ കൂടിയായിരുന്നു സയന്തികയും റേഹത്ത് ഹുസൈനും ആവശ്യവുമായി ഗവർണർക്ക് കത്തയച്ചത്. പിന്നീട് ജൂലൈ അഞ്ചിനാണ് നിയമസഭയിൽ വച്ച് ചടങ്ങ് നടക്കുന്നത്. അന്നുതന്നെ ഗവർണർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സത്യപ്രതിജ്ഞയെ എതിർത്ത് കത്തും അയച്ചിരുന്നു.

നിയമസഭാ സമ്മേളനം പത്ത് ദിവസത്തേക്ക് ചേർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിലവിൽ ഗവർണർ എതിർപ്പ് അറിയിച്ചിരിക്കുന്നത്. ഭരണഘടനയുടെ 193-ാം അനുച്ഛേദം ഉദ്ധരിച്ച ഗവർണർ പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിച്ചതിനാൽ സ്പീക്കർക്ക് അതിനുള്ള അധികാരമില്ലെന്നാണ് പറയുന്നത്. അതേസമയം, ഗവർണറുടെ കത്ത് സ്‌പീക്കറിന് കൈമാറിയിട്ടുണ്ടെന്നും വിഷയം അദ്ദേഹത്തിന്റെ ഓഫിസ് പരിശോധിച്ചുവരികയാണെന്നും സയന്തിക പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായതിനാൽ സഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് തടസമില്ലെന്നും അവർ പറഞ്ഞു.

logo
The Fourth
www.thefourthnews.in