കേസെടുത്തില്ല, നവജാത ശിശുവിന്റെ മൃതദേഹവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ
ആഗ്രയില്‍ ഭാര്യയെ മര്‍ദിച്ച ബന്ധുക്കള്‍ക്കെതിരെ കേസ്സെടുക്കാൻ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നവജാത ശിശുവിന്റെ മൃതദേഹവുമായി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി. ധനിറാം എന്ന യുവാവാണ് ആഗ്ര പോലീസ് സ്റ്റേഷനിലെത്തിയത്.
ധനിറാമിന്റെ ഗര്‍ഭിണിയായ ഭാര്യയെ രണ്ടു ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ട അവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെ ഉടന്‍ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും നിമിഷങ്ങള്‍ക്കകം കുഞ്ഞ് മരണപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഭാര്യയെ മര്‍ദിച്ച ബന്ധുക്കളായ ഗുഡ്ഡു, രാമസ്വാം എന്നിവര്‍ക്കെതിരെ പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് നാട്ടുകാരുടെ അകമ്പടിയോടെ നവജാതശിശുവിന്റെ മൃതദേഹവുമായി യുവാവ് സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തിയത്.
ധനിറാമിന് നീതി ലഭിക്കുമെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രഭാകര്‍ ചൗധരി ഉറപ്പു നല്‍കുകയും ഉടന്‍ തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫത്തേഹാബാദ് ഡെപ്യൂട്ടി സൂപ്രണ്ടിനോട് നിര്‍ദേശിക്കുകയും ചെയ്തു.
ഭാര്യ ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും താന്‍ ജോലിക്കു പോയ സമയത്താണ് സംഭവം നടന്നതെന്നും ധനിറാം പറഞ്ഞു.
'ഞാന്‍ ജോലിക്കു പോയ സമയമാണ് സംഭവം നടന്നത്.മര്‍ദനത്തെത്തുടര്‍ന്ന് ഭാര്യയുടെ ആരോഗ്യം വഷളായി.ഉടന്‍ അടുത്തുള്ള നഴ്‌സിംങ് ഹോമിലേക്ക് കൊണ്ടുപോയി.അവിടെ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെപ്പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചു.' ധനിറാം പറഞ്ഞു.
ധനിറാമിന്റെ ഭാര്യ ആഗ്രയിലെ ലേഡി ലിയാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.