പിണങ്ങിപ്പിരിഞ്ഞ സഹോദരി ജഗനെ വീഴ്ത്തുമോ; ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ 'ശര്‍മിള തന്ത്രം'

പിണങ്ങിപ്പിരിഞ്ഞ സഹോദരി ജഗനെ വീഴ്ത്തുമോ; ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ 'ശര്‍മിള തന്ത്രം'

കർണാടകയിലും തെലങ്കാനയിലും അധികാരത്തിൽ തിരികെയെത്താൻ സാധിച്ചിതുപോലെ ആന്ധ്രയിലും നിർണായക കക്ഷിയായി തിരികെയെത്താൻ വൈ എസ് ശർമിളയിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്
Updated on
4 min read

അധികാരം നഷ്ടമായ കോൺഗ്രസിനെ പദയാത്രയിലൂടെ അധികാരത്തിൽ ഏറ്റിയ വൈ എസ് രാജശേഖര റെഡ്ഡിയുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയ മകൻ ജഗൻ മോഹൻ റെഡ്ഡി. വർഷങ്ങൾക്ക് ശേഷം ജഗൻ മോഹൻ റെഡ്ഡിയെ നേരിടാൻ വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യയെയും മകളെയും കളത്തിലിറക്കാൻ ഒരുങ്ങുന്ന കോൺഗ്രസ്.

തെലുങ്ക് മാസ് മസാല സിനിമയുടെ കഥപോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് ആന്ധ്രാപ്രദേശ് രാഷ്ട്രീയം. സംസ്ഥാന രൂപീകരണത്തിന് പിന്നാലെ കോൺഗ്രസും പിന്നീട് തെലുങ്ക് ദേശം പാർട്ടിയും മാത്രം അധികാരത്തിൽ വന്നിരുന്ന ആന്ധ്രയിൽ 2019 ലാണ് ജഗൻ മോഹൻ റെഡ്ഡി അധികാരത്തിൽ എത്തിയത്. അഞ്ച് വർഷങ്ങൾക്കിപ്പുറം സംസ്ഥാനം മറ്റൊരു ലോക്‌സഭ തിരഞ്ഞെടുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പിനും ഒരുങ്ങുന്നതിനിടെയാണ് ജഗന്റെ സഹോദരി വൈ എസ് ശർമിളയും അമ്മ വിജയമ്മയും കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.

പിണങ്ങിപ്പിരിഞ്ഞ സഹോദരി ജഗനെ വീഴ്ത്തുമോ; ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ 'ശര്‍മിള തന്ത്രം'
സാക്ഷിക്കും വിനേഷിനും ബജ്‌റംഗിനുമെതിരെ ജൂനിയർ താരങ്ങളുടെ പടയൊരുക്കം; പ്രതിഷേധവുമായി ജന്തർ മന്ദിറില്‍

കർണാടകയിലും തെലങ്കാനയിലും അധികാരത്തിൽ തിരികെയെത്താൻ സാധിച്ചിതുപോലെ വൈ എസ് ശർമിളയിലൂടെ ആന്ധ്രയിലും തിരിച്ചുവരിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഒരിക്കൽ ജഗൻ മോഹൻ റെഡ്ഡിക്ക് വേണ്ടി പോരാട്ടം നടത്തി 'ജഗന്റെ അസ്ത്രം' എന്ന് അനുയായികൾ സ്‌നേഹത്തോടെ വിളിച്ചിരുന്ന വൈ എസ് ശർമിള ജഗനുമായി നേർക്കുനേർ പോരാടാൻ ഒരുങ്ങുമ്പോൾ എന്തായിരിക്കും ആന്ധ്രാ രാഷ്ട്രീയത്തിൽ സംഭവിക്കുകയെന്ന കൗതുകം ഉണരുന്നുണ്ട്.

പിണങ്ങിപ്പിരിഞ്ഞ സഹോദരി ജഗനെ വീഴ്ത്തുമോ; ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ 'ശര്‍മിള തന്ത്രം'
'പഠിക്കാതെ പരീക്ഷയെഴുതുന്ന കേന്ദ്ര സർക്കാർ'; ആധാർ അധിഷ്ഠിത തൊഴിലുറപ്പ് പദ്ധതിയിൽ പരിഹാരം കാണാത്ത പ്രശ്നങ്ങളേറെ

ജഗന്റെ അസ്ത്രം ജഗന്റെ ശത്രുവാകുമ്പോൾ

അഴിമതിയാരോപണങ്ങളിൽ പെട്ട ജഗൻമോഹൻ റെഡ്ഡിയെ 2012 ലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിതാവ്‌ രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ഉപയോഗിച്ച് അനധികൃതമായി വൻ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു സിബിഐ നടപടി.

തുടർന്ന് ജഗന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വൈ എസ് ആർ കോൺഗ്രസ് പാർട്ടി ആരോപിച്ചു. ജഗന്റെ മോചനത്തിനായി വൈ എസ് ശർമിളയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ജഗനും ശർമിളയും ചേർന്ന് വൈ എസ് ആർ കോൺഗ്രസിനെ നയിക്കുമെന്ന് വിചാരിച്ചിടത്ത് അധികാരം ജഗനിലേക്ക് മാത്രം കേന്ദ്രീകരിക്കുകയായിരുന്നു.

ഇതിനിടെ രാജശേഖര റെഡ്ഡിയുടെ സ്വത്ത് സംബന്ധിച്ച തർക്കവും ഇരുവർക്കുമിടയിൽ ഇരവര്‍ക്കുമിടയിലെ അകല്‍ച്ച വര്‍ധിപ്പിച്ചു. സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കത്തിൽ അമ്മ വിജയമ്മയുടെ നിർദ്ദേശങ്ങൾ പോലും ജഗൻ ചെവികൊണ്ടില്ലെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

2019 ലെ തിരഞ്ഞെടുപ്പിൽ വൈ എസ് ആർ കോൺഗ്രസ് ആന്ധ്രാപ്രദേശിൽ അധികാരത്തിൽ എത്തുകയും ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയാവുകയും ചെയ്തു. പാർട്ടിയും അധികാരവും പൂർണമായി ജഗനൊപ്പമായി. തുടക്കത്തിൽ എതിര്‍ സ്വരമയുയര്‍ത്താതിരുന്ന ശർമിള പിന്നീട് ജഗനെതിരെതിരിയുകയായിരുന്നു. വൈഎസ്ആറിന്റെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവും പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന കഡപ്പ എംപി അവിനാഷ് റെഡ്ഡിക്കുള്ള ജഗന്റെ പിന്തുണയുമാണ് തർക്കങ്ങൾ രൂക്ഷമാക്കിയത്.

തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തെത്തിയ ശർമിളയും വിജയമ്മയും പുതിയ പാർട്ടി രൂപീകരിക്കുകയും തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. വൈഎസ്ആർ കോൺഗ്രസും എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ശക്തിപ്രാപിച്ച ആന്ധ്രയിൽ തങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ബോധ്യം കൂടിയായിരുന്നു തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ശർമിളയെ പ്രേരിപ്പിച്ചത്. തുടർന്ന് വൈ എസ് ആര്‍ തെലങ്കാന എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിനും ബി ആര്‍ എസിനും എതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു തെലങ്കാന രാഷ്ട്രീയത്തിലേക്കുള്ള ശര്‍മിളയുടെ കടന്നുവരവ്.കോൺഗ്രസിലെ തന്നെ ചില നേതാക്കളുടെ പിന്തുണയും ശർമിളയ്ക്ക് ലഭിച്ചിരുന്നു. ഇതിനിടെ തെലങ്കാനയിലെ ഗ്രൗണ്ട് റിലായിറ്റി മനസിലാക്കിയ ശർമിള, തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനും ശ്രമം നടത്തിയെങ്കിലും രേവന്ത് റെഡ്ഡിയുടെ അടക്കം പ്രതിഷേധങ്ങളെ തുടർന്ന് നടപ്പായില്ല. തുടർന്ന് തിരഞ്ഞെുപ്പിൽ മത്സരിക്കേണ്ടെന്നും കോൺഗ്രസിന് നിരുപധിക പിന്തുണ ശർമിള പ്രഖ്യാപിക്കുകയും ചെയ്തു.

ശർമിള ആന്ധ്രയിൽ തിരികെയെത്തുമ്പോൾ

ആന്ധ്രയിലെ ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി സംസ്ഥാനം വിഭജിക്കുകയും തെലങ്കാന രൂപീകരിക്കുകയു ചെയ്തതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശിൽ കോൺഗ്രസ് തകർന്നത്. വിഭജനത്തിനെതിരെ നിരാഹാര സമരം കിടന്ന ജഗൻ ആദ്യം ആന്ധ്രയുടെ പ്രതിപക്ഷ നേതാവ് ആവുകയും പിന്നീട് മുഖ്യമന്ത്രിയാവുകയും ചെയ്തു. അന്ന് തകർന്ന കോൺഗ്രസിനെ വീണ്ടും ശർമിളയിലൂടെ പുനരുജ്ജീവിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ശർമിളയും വിജയമ്മയും കോൺഗ്രസിലേക്ക് തിരികെ വരുന്നുവെന്ന വാർത്തയെ ആന്ധ്ര കോൺഗ്രസ് സ്വാഗതം ചെയ്തതും ഇതിനെ തുടർന്നാണ്. കോൺഗ്രസിൻറെ ആശയങ്ങളെ ബഹുമാനിക്കുന്നതും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സ്‌നേഹിക്കുന്നതുമായ ആർക്കും കോൺഗ്രസിലേക്ക് സ്വാഗതമെന്ന് ആന്ധ്ര പ്രദേശ് കോൺഗ്രസ് പ്രസിഡൻറ് ഗിഡുഗു രുദ്ര രാജു പറഞ്ഞത്.

തെലങ്കാനയിലും ആന്ധ്രയിലും ഒരേപോലെ പ്രവർത്തിക്കാൻ ശർമിള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആന്ധ്രാപ്രദേശിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് ഹൈക്കമാന്‍ഡ്‌ ശർമിളയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ശർമിളയെ കർണാടകയിൽ നിന്ന് അവരെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും ഇതിനിടെ റിപ്പോർട്ടുകൾ ഉണ്ട്.

പ്രതിപക്ഷ ഐക്യം ഉണ്ടാക്കി ജഗൻ മോഹൻ റെഡ്ഡിയെ അധികാരത്തിൽ നിന്ന് ഇറക്കുകയും തെലങ്കാനയിലെ പോലെ അധികാരത്തിൽ വരാനുമാണ് കോൺഗ്രസ് ശ്രമം. ഇതിനായി വൈ എസ് ശർമിളയെ തന്നെ ഉപയോഗപ്പെടുത്താനുമാണ് കോൺഗ്രസ് തീരുമാനം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ശത്രുവായി കണക്കാക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിന് വൈ എസ് ശർമിള ക്രിസ്മസ് സമ്മാനം അയച്ചത് ഇതിന് മുന്നോടിയായിട്ടാണെന്നാണ് വിലിയിരുത്തൽ.

നിലവിൽ ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടുമെന്ന് പവൻ കല്ല്യാൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കോൺഗ്രസ് കൂടി ചേർന്നാൽ ജഗൻ മോഹന് വലിയ വെല്ലുവിളിയായിരിക്കും ഉയരുക.

ഇതിനോടൊപ്പം പാർട്ടിയിലെ ജഗന്റെ ഏകാധിപത്യ സ്വഭാവത്തിൽ പ്രതിഷേധമുള്ള വൈ എസ് ആർ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് ശർമിളയോടൊപ്പം എത്തിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. മംഗളഗിരിയിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസ് എംഎൽഎ അല്ല രാമകൃഷ്ണ റെഡ്ഡി, ഇതിനോടകം ശർമിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തോളം എംഎൽഎമാർ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിൽ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പയറ്റി തെളിഞ്ഞ അടവുമായി ജഗൻ

2019 ൽ അധികാരത്തിൽ ഏറുന്നതിന് മുമ്പ് പയറ്റിയ അടുവകൾ എല്ലാം ജഗൻ 2023 ലും പയറ്റുന്നുണ്ട്. 2019 ൽ ജഗൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പായി മമ്മൂട്ടിയെ നായകനാക്കി യാത്ര എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയായിരുന്നു 'യാത്ര' യിൽ അവതരിപ്പിച്ചത്. 2004 ൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുന്നതിന് കാരണമായ പദയാത്രയായിരുന്നു ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. വൈഎസ് രാജശേഖര റെഡ്ഡിയുടെ ഓർമകൾ ആന്ധ്രയിലെ ജനങ്ങളിൽ ഉണ്ടാക്കുന്നതിനും ഈ സിനിമ സഹായകമായി.

അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റൊരു തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ യാത്രയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. വൈ എസ് ആറിന്റെ മരണവും തുടർന്ന് ജഗൻ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാണ് യാത്ര 2 അവതരിപ്പിക്കുന്നത്. ജീവയാണ് ജഗനായി വെള്ളിത്തിരയിൽ എത്തുന്നത്.

ഇതിന് പുറമെ ജനപ്രിയ പദ്ധതികളും ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിട്ടുണ്ട്. 'അധികാര കൊതി മൂത്ത സഹോദരി അമ്മയെ കൂട്ടുപിടിച്ച് ഒറ്റപ്പെടുത്തുന്ന, സ്‌നേഹം ലഭിക്കാത്ത, ആന്ധ്ര ജനതയുടെ പുത്രനായ ജഗൻ' എന്ന രീതിയിൽ ക്യാംപെയിനുകളും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളും ജഗന് വേണ്ടി ശക്തമായിട്ടുണ്ട്.

സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുമ്പോൾ ശർമിളയിലൂടെ കോൺഗ്രസ് നടത്തുന്ന പദ്ധതി വിജയിക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. വൈ എസ് രാജശേഖര റെഡ്ഡിയോടുള്ള ആന്ധ്രയിലെ ജനങ്ങൾക്കുള്ള സ്‌നേഹം വോട്ടാക്കി മാറ്റിയ ജഗനെതിരെ വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും ഭാര്യയും രംഗത്ത് എത്തുമ്പോൾ എന്തായിരിക്കും ഫലമെന്ന് കാത്തിരുന്ന് കാണണം.

logo
The Fourth
www.thefourthnews.in