നായിഡുവിനെ ഭയന്നോ ജഗന്‍? സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ, ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഒരേ പാളയത്തില്‍
ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. നാല് എംപിമാരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിനുള്ളത്. ഇതോടെ, ആന്ധ്രയിലെ ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയെ പിന്തുണയ്ക്കുന്ന സാഹചര്യമായി. ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി നിലവില്‍ എന്‍ഡിഎയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയാണ്. 16 സീറ്റാണ് ടിഡിപിക്കുള്ളത്.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി അധികാരത്തിലെത്തിയതിന് ശേഷം മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് എതിരെ വ്യാപക പ്രതികാര നടപടികളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നീക്കം. വൈഎസ്ആര്‍സിപിയുടെ നിര്‍മാണത്തിലുള്ള സംസ്ഥാന ആസ്ഥാന മന്ദിരം ആന്ധ്രാ സര്‍ക്കാര്‍ ഇടിച്ചുനിരത്തിയിരുന്നു. ഭൂമി കയ്യേറ്റം ആരോപിച്ചാണ് ഇടിച്ചുനിരത്തിയത്. പിന്നാലെ, ജഗന്‍ മോഹന്‍ റെഡ്ഡിക്ക് എതിരെ വിവിധ അഴിമതി കേസുകളില്‍ അന്വേഷണവും പ്രഖ്യാപിച്ചു.
ടിഡിപി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ, ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളുടെ പേര് മാറ്റിയിരുന്നു. പെന്‍ഷന്‍ പദ്ധതി അടക്കമുള്ള പദ്ധതികളുടെ പേരാണ് തെലുങ്കു ദേശം പാര്‍ട്ടി സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ പേരിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ, വൈഎസ്ആര്‍ കോണ്‍ഗ്രസനോട് കൂറുപുലര്‍ത്തുന്ന പ്രമുഖ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അവസാനിപ്പിക്കുകയും ചെയ്തു.
ടിവി 9, സാക്ഷി ടി വി, എന്‍ ടി വി, 10 ടിവി എന്നീ ചാനലുകള്‍ വെള്ളിയാഴ്ച രാത്രി മുതലാണ് അപ്രത്യക്ഷമായത്. ടിഡിപി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ഇത് രണ്ടാം തവണയാണ് ഈ നാല് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തുന്നത്.
ആന്ധ്രയിലെ ഏകദേശം 60 ശതമാനത്തോളം പേരും കാഴ്ചക്കാരായുള്ള വാര്‍ത്ത ചാനലുകളാണ് ടിവി9, എന്‍ടിവി, സാക്ഷി ടി വി എന്നിവ. കൂടാതെ, ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടുംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടിവി. അതേസമയം, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
നേരത്തെയും, നിര്‍ണായക ഘട്ടങ്ങളില്‍ വൈഎസ്ആര്‍സിപി പാര്‍ലമെന്റില്‍ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലടക്കം ഈ പിന്തുണയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇന്ത്യ സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഭൂരിപക്ഷം നിലവില്‍ എന്‍ഡിഎ സഖ്യത്തിനുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ പിന്തുണ കൂടെ ലഭിക്കുന്നതോടെ എന്‍ഡിഎ സഖ്യത്തിന് 297 പേരുടെ പിന്തുണയാകും. ബിജെപിക്ക് 240 എംപിമാരും സഖ്യകക്ഷികള്‍ക്ക് 53 പേരുമാണുള്ളത്.
എന്നാലും ഇന്ത്യ സഖ്യവുമായി സമവായത്തിലെത്തി തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പുനഃസ്ഥാപിക്കാമെന്ന ബിജെപിയുടെ വാഗ്ദാനം തള്ളിയാണ് കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുന്നത്. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ഇന്ത്യ സഖ്യത്തിന്റെ നിലപാട് ബിജെപി അംഗീകരിച്ചില്ല. തുടര്‍ന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 1976-ന് ലോക്‌സഭയില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ സഖ്യത്തിന്റെ ബലത്തില്‍ അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്കും ബിജെപിക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പ് ആദ്യ പ്രഹരമാകുമെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. 232 എംപിമാരാണ് ഇന്ത്യ സഖ്യത്തിനുള്ളത്.
കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നുമായിരുന്നു ടിഎംസിയുടെ വിമര്‍ശനം.കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും, തൃണമൂല്‍ കോണ്‍ഗ്രസുമായി ആരും ചര്‍ച്ച ചെയ്തില്ലെന്നും മുതിര്‍ന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. കൊടിക്കുന്നിലിന്റെ സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞിരുന്നോയെന്ന് പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രയാനും തന്നോട് ചോദിച്ചതായി ബന്ദോപാധ്യായ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അവസാന നിമിഷത്തെ തീരുമാനമാണിതെന്നും സമയപരിധി അവസാനിക്കുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. പിന്തുണ തേടി കൊടിക്കുന്നില്‍ സുരേഷ് തൃണമൂല്‍ കോണ്‍ഗ്രസിനെ ബന്ധപ്പെട്ടിരുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.