അത് 'മഹാകാല്‍' റെസ്റ്റോറന്റ് , ക്ഷേത്രമല്ല; മാപ്പ് പറഞ്ഞ് സൊമാറ്റോ, പരസ്യം പിന്‍വലിച്ചു
ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന വിവാദത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ പുതിയ പരസ്യം പിന്‍വലിച്ചു. ഉജ്ജയിനിയിലെ 'മഹാകാല്‍' റെസ്റ്റോറന്റിലെ താലി മീല്‍സ് പരിചയപ്പെടുത്തുന്ന പരസ്യമാണ് കമ്പനിക്ക് പിന്‍വലിക്കേണ്ടി വന്നത്. ഉജ്ജയിനിയിലെ തന്നെ 'മഹാകാലേശ്വര്‍' ക്ഷേത്രത്തിലെ താലി പ്രസാദത്തെ അവഹേളിക്കുന്നതാണ് പരസ്യമെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ക്ഷേത്രത്തിലെ പൂജാരിമാരും വിവിധ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി കമ്പനി ക്ഷമാപണത്തോടെ പരസ്യം പിന്‍വലിച്ച വിവരം അറിയിച്ചത്. ഹൃത്വിക് റോഷന്‍ അഭിനയിച്ച പരസ്യമാണ് വിവാദത്തിലായത്.
വിവാദ പരസ്യം ഇങ്ങനെ
പരസ്യത്തില്‍ ഹൃത്വിക് റോഷന്‍ പറയുന്ന ''ഉജ്ജയിനിയിലെ താലി കഴിക്കാന്‍ ആഗ്രഹം തോന്നി. അപ്പോള്‍ തന്നെ മഹാകാലില്‍ നിന്നും താലി ഓര്‍ഡര്‍ ചെയ്തു'' എന്ന് പറയുന്ന ഭാഗമാണ് വിവാദമായത്. മധ്യപ്രദേിലെ ഉജ്ജയിനിയിലുള്ള 'മഹാകാല്‍' റെസ്റ്റോറന്റിലെ താലി മീല്‍സ് ഏറെ പ്രശസ്തമാണ്. ഇതാണ് പരസ്യത്തിലൂടെ സൊമാറ്റോ പങ്കുവച്ചത്. എന്നാല്‍, ഉജ്ജയിനിയിലുള്ള 'മഹാകാലേശ്വര്‍' ക്ഷേത്രത്തിലെ പ്രസാദവും താലിയാണ്.
ക്ഷേത്രത്തിലെ പൂജാരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൊമാറ്റോ ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തി. ക്ഷേത്രത്തിലെ പ്രസാദം വില്‍പ്പനയ്ക്കുള്ളതല്ലെന്നും ഭക്തരുടെ വികാരത്തെ സൊമാറ്റോ മാനിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
സൊമാറ്റോയുടെ വിശദീകരണം
പരസ്യത്തില്‍ സൂചിപ്പിച്ച താലി 'മഹാകാല്‍ റെസ്റ്റോറന്റി'ല്‍ നിന്നുള്ളതാണ്, 'മഹാകാലേശ്വര്‍' ക്ഷേത്രത്തിലെ പ്രസാദത്തെ സൂചിപ്പിച്ചിട്ടില്ല. ഉജ്ജയിനിയില്‍ ഞങ്ങളുടെ ഏറ്റവും മികച്ച പാര്‍ട്‌നര്‍മാരാണ് മഹാകാല്‍ റെസ്റ്റോറന്റ്. അവരുടെ താലിയാണ് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇനം.
സൊമാറ്റോയുടെ പാന്‍ ഇന്ത്യ ക്യാമ്പയിനിന്‌റെ ഭാഗമാണ് വീഡിയോ. പ്രാദേശിക തലത്തില്‍ മുന്‍നിരയിലുള്ള റെസ്‌റ്‌റോറന്റുകളും അവരുടെ പ്രശസ്തമായ മെനുവും രുചി വൈവിധ്യങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതുപ്രകാരമാണ് ഉജ്ജയിനില്‍ നടത്തുന്ന ക്യാമ്പയിനിലേക്ക് മഹാകാല്‍ റെസ്റ്റോറന്‌റ് (വീഡിയോയില്‍ ലളിതമായി മഹാകാല്‍ എന്ന് ഉപയോഗിച്ചിരിക്കുന്നു) ചേര്‍ക്കപ്പെട്ടത്.
ഉജ്ജയിനിലെ ജനങ്ങളുടെ വികാരത്തെ ജനങ്ങള്‍ മാനിച്ച് പ്രസ്തുത പരസ്യം പിന്‍വലിക്കുന്നു. ആരുടേയും വിശ്വാസത്തേയോ വികാരത്തേയോ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.
അതിനിടെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും വിഷയത്തിലിടപെട്ടു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പോലീസിന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഭാഗം മോര്‍ഫ് ചെയ്തതാണോ എന്നതില്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉജ്ജയിന്‍ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തത വരുത്തിയതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.