സൊമാറ്റോയില്‍ 800 തസ്തികകളില്‍ ഒഴിവ്; ആശ്വസിക്കാൻ വരട്ടെ, ജോലി സമയം 24 മണിക്കൂര്‍
ലോകമെമ്പാടും ടെക് കമ്പനികളില്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുകയാണ്. ഇതിനിടെ, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റൊ 800 വ്യത്യസ്ത തസ്തികകളിലേക്ക് ജീവനക്കാരെ തേടുകയാണെന്ന വാർത്ത ആശ്വാസകരമാകേണ്ടതാണ്. എന്നാല്‍, സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പുതിയ തസ്തികയക്ക് ആവശ്യപ്പെട്ടിരിക്കുന്ന നിബന്ധനയാണ് കേള്‍ക്കുന്നവരെ ആശ്ചര്യപ്പെടുത്തുക. 24 മണിക്കൂറും ജോലി ചെയ്യാൻ തയാറുള്ളവരെയാണ് കമ്പനി അന്വേഷിക്കുന്നത്.
ഈ ജോലിയില്‍ പ്രവേശിക്കുന്നവര്‍ വ്യക്തി ജീവിതത്തിനായി സമയം കണ്ടെത്തുന്നത് മറന്നേക്കണമെന്നും മുഴുവന്‍ സമയവും തൊഴിലെടുക്കണമെന്നുമാണ് ദീപീന്ദര്‍ ആവശ്യപ്പെടുന്നത്. സ്റ്റാഫ് ചീഫ് മുതല്‍ സിഇഒ വരെയുള്ള തസ്തികകളിലേക്കാണ് സൊമാറ്റോ പുതിയ ജീവനക്കാരെ നിയമിക്കുന്നത്. ജോലിക്കും വ്യക്തിജീവിതത്തിനുമിടയിലെ സന്തുലനാവസ്ഥ ഈ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉണ്ടാകില്ലെന്നും, 24 മണിക്കൂര്‍ ജോലിചെയ്യേണ്ടതായി വരുമെന്നും കമ്പനി ഓര്‍മിപ്പിക്കുന്നുണ്ട്.
ദീപീന്ദര്‍ ഗോയലിന്റെ ലിങ്കിഡിന്‍ പോസ്റ്റിലാണ് പുതിയ തസ്തികകളെക്കുറിച്ച് അദ്ദേഹം പറയുന്നത്. പ്രൊഡക്ട് മാനേജേഴ്‌സ്, എഞ്ചിനീയേഴ്‌സ്, ഗ്രോത്ത് മാനേജേഴ്‌സ് തുടങ്ങി അഞ്ച് പദവികളിലേക്കായി 800 പേരെയാണ് കമ്പനി തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് സൊമാറ്റൊ മൂന്ന് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയുടെ പതിവ് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടല്‍ മാത്രമാണെന്നായിരുന്നു വിശദീകരണം. സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതാദ്യമല്ല. കോവിഡ് കാലത്ത് ബിസിനസ്സിലെ മാന്ദ്യം കാരണം 2020 മെയ് മാസത്തില്‍ ഏകദേശം 520 ജീവനക്കാരെ പിരിച്ചുവിട്ടു. ഏറ്റവും പുതിയ പിരിച്ചുവിടലുകള്‍ക്ക് ശേഷം, സൊമാറ്റോയ്ക്ക് ഏകദേശം 3,800 ജീവനക്കാരുണ്ട്.