'വലിയ കള്ളങ്ങൾ മറച്ചുവെക്കാനുള്ള സൂത്രം'; എൻഎംസി ലോഗോ വിവാദത്തില്‍ ഡോ. കെ വി ബാബു
രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലെയും സുപ്രധാന സ്ഥലങ്ങളുടെ പേരുകളും അടയാളങ്ങളുമെല്ലാം മാറുന്നത് ഏറെക്കാലമായി തുടരുന്ന കാഴ്ചയാണ്. ഉത്തർപ്രദേശിലെ അലഹബാദ് പ്രായാഗ്‌രാജായി മാറിയതും ഫൈസാബാദ് അയോധ്യയായി മാറിയതെല്ലാം നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ചില പരിഷ്കാരങ്ങളാണ്. ഔദ്യോഗിക കാര്യങ്ങളിൽ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഇടംപിടിക്കുന്നതും അടുത്തിടെ നാം കണ്ടു. ഇതിൽ ഒടുവിലത്തേതാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻഎംസി) ലോഗോയിലെ മാറ്റം.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിലും ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് മാറ്റിയതാണ് ഇതില്‍ പ്രധാനം. നേരത്തേ മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ നടത്തിയിരുന്ന ഹിപ്പോക്രാറ്റ് പ്രതിജ്ഞയ്ക്കു പകരം ചരകശപഥം ഏർപ്പെടുത്തണമെന്ന കമ്മീഷൻറെ നിർദേശവും വലിയ രീതിയിൽ വിമർശനങ്ങളുണ്ടാക്കിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് കമ്മീഷൻ പിന്മാറുകയും ചെയ്തു.
എന്നാല്‍ കമ്മീഷന്റെ പുതിയ നീക്കം അവഗണിക്കേണ്ട ഒന്നല്ലെ ന്നാണ് മലയാളി ഡോക്ടറും ആർടിഐ ആക്ടിവിസ്റ്റുമായ ഡോ. കെ വി ബാബു പറയുന്നത്. കമ്മീഷൻറെ അംഗങ്ങൾ അവരുടെ സ്വത്ത് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നതാണ് നിയമത്തിലുള്ളത്. എന്നാൽ കമ്മീഷൻ രൂപീകരിച്ചിട്ട് മൂന്ന് വർഷമായെങ്കിലും ഇതുവരെ ചെയ്തിട്ടില്ല. തുടക്കം മുതൽ ഈ ക്രമക്കേട് കണ്ടെത്തുകയും അതിനെതിരെ ശബ്ദം ഉയർത്തുകയും ചെയ്ത ഡോ. ബാബു ഈ വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പാകെ പരാതിയായി നൽകുകയും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കമ്മീഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വാർത്തയിൽ നിന്നൊക്കെ വഴി തിരിച്ചുവിടുകയാകാം വിവാദങ്ങളുടെ ഉദ്ദേശ്യമെന്ന് ഡോ. ബാബു പറയുന്നു
സ്ഥാനത്തിരിക്കാൻ പ്രാപ്തരല്ലാത്ത കുറേപ്പേരെ മറ്റ് പല താത്പര്യങ്ങളുടെ പേരിൽ അവിടെ ഇരുത്തിയിരിക്കുകയാണ്. അവർക്ക് കമ്മീഷൻറെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് തെളിയിച്ചതാണ്. മൂന്ന് വർഷത്തിനിടെ അവർ കൊണ്ടുവന്ന റെഗുലേഷനുകളിൽ നാലോ അഞ്ചോ എണ്ണം കുറച്ച് ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കുകയാണുണ്ടായത്. ഒന്ന് പോലും കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
ഏറ്റവുമൊടുവിൽ പിൻവലിച്ചത് 2023 എത്തിക്സ് റെഗുലേഷനായിരുന്നു. ദേശീയ തലത്തിൽ ഡോക്ടർമാർക്ക് ഒറ്റ രെജിസ്ട്രേഷൻ നടപ്പാക്കുമെന്ന് ഉറപ്പുൽകിയിട്ട് നടന്നിട്ടില്ല. ഡോക്ടർമാരുടെ എക്സിറ്റ് എക്സാം ഇതുവരെ നടപ്പിലാക്കാൻ കമ്മീഷന് കഴിഞ്ഞിട്ടില്ല. പകരം അവർ ചെയ്യുന്നത് ഇത്തരം വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധ തിരിക്കലാണ്. ഇതിലേക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഡോ. ബാബു കൂട്ടിച്ചേർത്തു.
എന്താണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍
2019-ൽ നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്റ്റ് എന്ന പേരിൽ പാർലമെന്റിൽ പാസാക്കിയ നിയമപ്രകാരം, 2020-ലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) രൂപീകരിച്ചത്. ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലു ഉയർന്ന നിലവാരമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ലഭ്യത ഉറപ്പാക്കുക, പൊതുജന ആരോഗ്യവും, സാർവത്രികവുമായ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുക, ഗവേഷണങ്ങൾ പ്രോത്സിഹിപ്പിക്കുക, സുതാര്യമായ രീതിയിൽ മെഡിക്കൽ സ്ഥാപനങ്ങളെ വിലയിരുത്തുക, രാജ്യത്തിനാകെയായി ഒരു മെഡിക്കൽ രജിസ്റ്റർ സൂക്ഷിക്കുക, മെഡിക്കൽ സേവനങ്ങളുടെ എല്ലാ മേഖലകളിലും ഉയർന്ന ധാർമ്മിക മാനദണ്ഡങ്ങൾ നടപ്പിലാക്കുക, ഫലപ്രദമായ ഒരു പരാതി പരിഹാര സംവിധാനം ഉണ്ടാക്കുക തുടങ്ങിയവയാണ് മെഡിക്കൽ കമ്മീഷൻറെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.