അല്‍ ഷിഫ ആശുപത്രി ഡയറക്ടറെയും ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്ത് ഇസ്രയേല്‍
ഗാസയിലെ അല്‍- ഷിഫ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സല്‍മിയയെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിനൊപ്പം നിരവധി ഡോക്ടര്‍മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആശുപത്രി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഖാലിദ് അബു സാമ്ര പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ സംഘത്തിനൊപ്പം യാത്ര ചെയ്യവെയാണ് ഇവരെ വാഹനവ്യൂഹം തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തതെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിശദീകരണം ലഭ്യമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
'എത്രപേരാണ് അറസ്റ്റിലായതെന്നും ഇവര്‍ ആരൊക്കയാണെന്നും ഇതുവരേയും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല' എന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അഷ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു. 'അല്‍ ഷിഫയുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ആരൊക്കെയാണ് അറസ്റ്റിലായതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. തടവിലാക്കപ്പെട്ടവരില്‍ ചിലര്‍ കൊല്ലപ്പെടാനും സാധ്യതയുണ്ട്. അധിനിവേശ ശക്തികള്‍ക്ക് അതിനു കഴിവുണ്ടെന്ന് ഞങ്ങള്‍ക്കറിയാം'- അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാതെ ലോകാരോഗ്യ സംഘടനയുടെ ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കേണ്ടതില്ല എന്നാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
സല്‍മിയയുടെയും സഹപ്രവര്‍ത്തകരുടേയും അറസ്റ്റിനെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഇവരുടെ അടിയന്തര മോചനത്തിനായി റെഡ് ക്രോസ് അടക്കമുള്ള അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
നേരത്തെ, രണ്ട് പലസ്തീന്‍ പാരാമെഡിക് അംഗങ്ങളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലും ഗാസ മുനമ്പില്‍ സുരക്ഷിതത്വമില്ലെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത് എന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.
അല്‍ ഷിഫ ആശുപത്രിക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രയേല്‍ നടത്തിവരുന്നത്. ആശുപത്രിക്കുള്ളില്‍ ഹമാസ് ഭീകരര്‍ ഒളിഞ്ഞിരിക്കുകയാണ് എന്നാരോപിച്ചാണ് ഇസ്രയേല്‍ ആക്രമണം. ആശുപത്രിക്കുള്ളില്‍ ഹമാസ് നിര്‍മ്മിച്ച ടണല്‍ കണ്ടെത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആശുപത്രി അധികൃതരും ഹമാസും ഇക്കാര്യം നിഷേധിച്ചു. ആശുപത്രിയില്‍ ഉള്ളവരെ ഒഴിപ്പിക്കാനായി ഇസ്രയേല്‍ സമയം അനുവദിച്ചിരുന്നു. നിരവധി പേരാണ് ആശുപത്രിക്കുള്ളില്‍ ഇപ്പോഴുമുള്ളത്.
ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരേയും ആക്രമണം ശക്തമാണ്. ഇവിടെനിന്ന് ആളുകളെ മാറ്റാന്‍ ഇന്ന് നാലു മണിക്കൂര്‍ സമയം അനുവദിച്ചു. ആശുപത്രിയില്‍ നിന്ന് 450പേരെ മാറ്റിയിട്ടുണ്ട്. ഇനിയും 200പേര്‍ ഇവിടെയുണ്ട് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് 190 രോഗികളുമായി തെക്കന്‍ ഗാസയിലേക്ക് പോയ ആംബുലന്‍സ് വ്യൂഹത്തെ ഇസ്രയേല്‍ സൈന്യം തടഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുപത് മണിക്കൂറോളം വൈകിയാണ് ഇവരെ ദക്ഷിണ ഗാസയിലെ ആശുപത്രിയില്‍ എത്തിച്ചതെന്ന് യുഎന്‍ ഹ്യുമനറ്റേറിയന്‍ ഓഫീസ് അറിയിച്ചു.
തെക്കന്‍ ഗാസയേയും വടക്കന്‍ ഗാസയേയും വേര്‍തിരിച്ച് ഇസ്രയേല്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പൊയിന്റില്‍ മണിക്കൂറുകളോളമാണ് രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് കാത്തുകിടക്കേണ്ടിവരുന്നത്.