ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് മുകളില്‍ 'തീമഴ'; അല്‍ നുസൈറത് ക്യാമ്പില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം
ഗാസയിലെ അല്‍ നുസൈറത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ഗാസ മുനമ്പിലെ മധ്യ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ്, വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞാഴ്ചയും ഈ ക്യാമ്പിന് നേര്‍ക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഒരു ഹാളില്‍ അഭയം തേടിയ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ, ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം ജീവനുകളാണ് നഷ്ടമായത്.
ഒറ്റദിവസം, പലായനം ചെയ്തത് 15,000പേര്‍
സേന ഗാസ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഗാസയില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടിയുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്. ചൊവ്വാഴ്ച മാത്രം 15,000 പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തതായി യുഎന്‍ കോര്‍ഡിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അഫേഴ്‌സ് അറിയിച്ചു. തിങ്കളാഴ്ച 5,000 പേരാണ് ഗാസയില്‍ നിന്ന് പലായനം ചെയ്തത്.
ജനങ്ങള്‍ക്ക് പലായനം ചെയ്യാനായി ദിവസവും നാലു മണിക്കൂര്‍ ഇസ്രയേല്‍ സേന സമയം നല്‍കിയിട്ടുണ്ട്. അതേസമയം, ഹമാസിന്റെ പ്രധാന ആയുധ നിര്‍മ്മാതാവ് മഹ്‌സെയ്ന്‍ അബു സിനയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
'സമയം നല്‍കണം': ജി 7 രാഷ്ട്രങ്ങള്‍
ഹമാസിനെ വിമർശിച്ചും സ്വയരക്ഷയ്ക്കുള്ള ഇസ്രായേലിൻ്റെ അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ജി 7 രാജ്യങ്ങൾ ഗാസയിൽ സഹായങ്ങള്‍ എത്തുക്കുന്നതിനായി മാനുഷികമായ വെടിനിർത്തലുകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
അടിയന്തര സഹായങ്ങള്‍ നല്‍കാനും ജനങ്ങള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ബന്ധികളെ മോചിപ്പിക്കാനുമായി സമയം നല്‍കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍, ബ്രിട്ടീഷ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ എന്നിവർ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,569 ആയി. ഇതില്‍ 4,324 പേര്‍ കുട്ടികളാണ്. 2,550 പേരെ കാണാതായി. കാണാതയതില്‍ 1,350 പേരും കുട്ടികളാണ്.