ഭാര്യയ്ക്ക് അനധികൃതമായി സർക്കാർ ഭൂമി; സിദ്ധരാമയ്യയെ വീഴ്ത്തുമോ വിവാദം? ആയുധമാക്കാൻ പ്രതിപക്ഷം

ഭാര്യയ്ക്ക് അനധികൃതമായി സർക്കാർ ഭൂമി; സിദ്ധരാമയ്യയെ വീഴ്ത്തുമോ വിവാദം? ആയുധമാക്കാൻ പ്രതിപക്ഷം

മൈസൂരു നഗരവികസന അതോറിറ്റിയുടെ ഭൂവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് വൻ അഴിമതി ആരോപണം നേരിടുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Published on

മൈസൂരു നഗര വികസന അതോറിറ്റി (മുഡ)യ്ക്കു കീഴിലുള്ള ഭൂമികൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യക്കും കുടുംബത്തിനും എതിരെ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്.

മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്ന പരാതിയും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിയിട്ടുണ്ട്.

ഭാര്യയ്ക്ക് അനധികൃതമായി സർക്കാർ ഭൂമി; സിദ്ധരാമയ്യയെ വീഴ്ത്തുമോ വിവാദം? ആയുധമാക്കാൻ പ്രതിപക്ഷം
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേട്; ആയുധമാക്കാൻ ബിജെപി

മുഖ്യമന്ത്രിയുടെ ഭാര്യക്കായി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഭൂമി കൈമാറിയെന്നാണ് കണ്ടെത്തൽ. പാർവതി നൽകിയ ഭൂമിയിൽ ദേവന്നൂർ ലേ ഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറിൽ അവർക്കു 38,284 ചതുരശ്ര അടി   പകരം നൽകി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കർണാടക സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുൻ സ്വാമി ഉൾപ്പടെ ഒൻപതു പേർക്കെതിരെ പോലീസിൽ പരാതിയെത്തിക്കഴിഞ്ഞു. കേസര വില്ലേജിൽ കൃഷി ഭൂമിയായി കിടന്ന ഭൂമി മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകാനായി സിദ്ധരാമയ്യയുടെ ഭാര്യയും ഭാര്യാ സഹോദരനുമുൾപ്പടെ വ്യാജ രേഖയുണ്ടാക്കിയെന്നാണ് സാമൂഹ്യ പ്രവർത്തക സ്നേഹമായി കൃഷ്ണ നൽകിയ പരാതിയിൽ പറയുന്നത്.

മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ, തഹസിൽദാർ, ഡെപ്യൂട്ടി രജിസ്ട്രാർ, മൈസൂരു നഗരവികസന അതോറിറ്റി എന്നിവർക്കെതിരെ ഇപ്പോൾ വകുപ്പുതല അന്വേഷണം നടക്കുന്നതിനാൽ തൽക്കാലം പരാതിയെ അടിസ്ഥാനമാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അനർഹരായ നിരവധിപേർക്ക് ഈ ഭൂമികൈമാറ്റ പദ്ധതി പ്രകാരം അവർ സർക്കാരിന് നൽകിയ ഭൂമിയെക്കാൾ ഉയർന്ന മൂല്യമുള്ള പ്രദേശങ്ങളിൽ ഭൂമി ലഭിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ ഉന്നതരും റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരുമാണ് ഭൂമി ഇത്തരത്തിൽ സ്വന്തമാക്കിയവർ.

ഭാര്യയ്ക്ക് അനധികൃതമായി സർക്കാർ ഭൂമി; സിദ്ധരാമയ്യയെ വീഴ്ത്തുമോ വിവാദം? ആയുധമാക്കാൻ പ്രതിപക്ഷം
ഡല്‍ഹി മദ്യനയ അഴിമതി: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം, സിബിഐ കേസിൽ ജയിലിൽ തുടരും

മുൻ ബിജെപി സർക്കാരിന്റെ കാലത്താണ് തന്റെ ഭാര്യക്ക് ബദൽ സൈറ്റ് അനുവദിച്ചതെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം. ഭൂമി സിദ്ധരാമയ്യയുടെ ഭാര്യയുടെ സഹോദരൻ അവർക്കു ഇഷ്ടദാനം നൽകിയതാണ്. എന്നാൽ 2013ൽ മൈസൂരു നഗരവികസന അതോറിറ്റി ഈ ഭൂമി ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെ മുഡയെ സമീപിച്ചപ്പോൾ അവർ പകരം നൽകിയതാണ് ഇപ്പോഴത്തെ വിവാദ ഭൂമിയെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

അന്ന് കർണാടക മുഖ്യമന്ത്രിയായിരുന്ന താൻ ഭാര്യക്കുവേണ്ടി ഒരു ഇടപെടലും നടത്തിയില്ല. ഭാര്യയിൽനിന്ന് ഏറ്റെടുത്ത ഭൂമിക്കു സമാനമൂല്യമുള്ള ഭൂമിയാണു പകരം ലഭിച്ചതെന്നും അവകാശപ്പെടുകയായാണ് സിദ്ധരാമയ്യ. അന്വേഷണം സിബിഐക്കു വിടാൻ ഒരുക്കമല്ലെന്നും അദ്ദേഹം  വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമി കൈമാറ്റ പദ്ധതിയിൽ പ്രഥമദൃഷ്ട്യാ  ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്വന്തം വീട്ടിലുള്ളവർ തന്നെ വ്യാജ രേഖ ചമച്ച് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പ്, അന്വേഷണത്തിൽ തെളിഞ്ഞാൽ തീർച്ചയായും സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതത്തിലെ വലിയ കറതന്നെയാകുമത്. അധികാര ദുർവിനിയോഗത്തിനു സിദ്ധരാമയ്യ നിയമനടപടി നേരിടേണ്ടി വരും. കർണാടകയിലെ പ്രതിപക്ഷത്തിനു കയ്യിൽ കിട്ടിയ വജ്രായുധമാണ്  ഈ അഴിമതി ആരോപണം. സിദ്ധരാമയ്യയുടെ രാജിയും സിബിഐ അന്വേഷണവുമാണ് ബിജെപിയും ജെഡിഎസും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.  

logo
The Fourth
www.thefourthnews.in