എം എല്‍ എ ബിഗ്ബോസില്‍; തിരിച്ചുവിളിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സ്പീക്കർക്ക് പരാതി

എം എല്‍ എ ബിഗ്ബോസില്‍; തിരിച്ചുവിളിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സ്പീക്കർക്ക് പരാതി

ചിക്കബല്ലാപുര എം എല്‍ എ പ്രദീപ് ഈശ്വറാണ് സ്വകാര്യ കന്നഡ ചാനലിന്റെ റിയാലിറ്റി ഷോയുടെ ഭാഗമായത്
Updated on
2 min read

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായി പോയ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകര്‍. മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങളും മറന്ന് ഷോയില്‍ പങ്കെടുക്കാന്‍ പോയ ചിക്കബല്ലാപുര എം എല്‍ എ പ്രദീപ് ഈശ്വറിനെ തിരിച്ചെത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ പി സി സിയോട് ആവശ്യപ്പെട്ടു.

കെ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ ടാഗ് ചെയ്ത് സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി അഭ്യര്‍ഥന നടത്തുന്നവരുമുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിക്കു പിറകെ വന്ദേ ഭാരത് എന്ന സന്നദ്ധ സംഘടന കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദറിന് പരാതിയും നൽകി.

ഞായറാഴ്ച സംപ്രേഷണം ചെയ്ത ബിഗ് ബോസിന്റെ പത്താം സീസണിലെ എപ്പിസോഡിലാണ് എം എല്‍ എ പ്രദീപ് ഈശ്വറിന്റെ 'സര്‍പ്രൈസ് എന്‍ട്രി' ഉണ്ടായിരിക്കുന്നത്. സിനിമ -ടിവി - സമൂഹമാധ്യമരംഗത്തെ 17 പ്രമുഖരാണ് ബിഗ് ബോസ് ഷോയില്‍ മാറ്റുരയ്ക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ എം എല്‍ എ അതിഥിയായി തങ്ങുകയാണെന്നും അധികം വൈകാതെ പുറത്തുകടക്കുമെന്നുമാണ് അനൗദ്യോഗിക വിവരം.

എം എല്‍ എ ബിഗ്ബോസില്‍; തിരിച്ചുവിളിക്കണമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സ്പീക്കർക്ക് പരാതി
'യുവതിയുടെ മാനസിക, സാമ്പത്തിക നില പ്രധാനം'; ആറ് മാസം പിന്നിട്ട ഗർഭം അലസിപ്പിക്കാൻ വിവാഹിതയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

എന്നാല്‍ 100 ദിവസത്തോളം മത്സരാര്‍ഥിയായി തങ്ങുകയാണെങ്കില്‍ മണ്ഡലം അനാഥമാകുമെന്നും ഉപതെരഞ്ഞെടുപ്പ് വേണമെന്നുമാണ് ചിക്കബല്ലാപുരയിലെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. എത്ര ദിവസത്തേക്കാണ് എം എല്‍ എ ബിഗ്ബോസ് വീട്ടിലേക്കുപോയതെന്ന് ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യകതമാക്കുന്നില്ല. കന്നഡ നടന്‍ കിച്ചാ സുദീപാണ് ബിഗ് ബോസ് അവതാരകന്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചിക്കബല്ലാപുരയിലെ വിജയം അഭിമാനപ്രശ്‌നമായിരുന്നു. 2018ല്‍ കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടിയ എം എല്‍ എമാരില്‍ ഒരാളും ബൊമ്മെ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയുമായിരുന്ന ഡോ. കെ സുധാകറായിരുന്നു മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ കാലുവാരിയ സുധാകറിനെ തോല്‍പ്പിച്ച പ്രദീപ് ഈശ്വര്‍ ഹൈക്കമാന്‍ഡിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ എപ്പോഴും സജീവമാണ് പ്രദീപ് ഈശ്വര്‍.

അതേസമയം , വിവാദങ്ങൾക്കു മറുപടിയുമായി എം എൽ എ കന്നഡ വാർത്താ ചാനലിൽ ചൊവ്വാഴ്ച ഉച്ചയോടെ പ്രത്യക്ഷപ്പെട്ടു. കർണാടകയിലെ യുവ ജനങ്ങളെ പ്രചോദിപ്പിക്കാനും ചിക്കബല്ലാപുര ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ പങ്കുവെക്കാനുമാണ് ബിഗ് ബോസിൽ സമയം ചെലവഴിച്ചതെന്നാണ് വാർത്താ അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.

ബിഗ് ബോസിൽ മത്സരാർഥി ആയാണ് ക്ഷണിച്ചതെങ്കിലും അതിഥിയായി എത്തിയാൽ മതിയെന്ന് അണിയറപ്രവർത്തകർ അറിയിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ എപ്പിസോഡ് സംപ്രേഷണം കഴിയും വരെ ഇത് രഹസ്യമാക്കിവയ്ക്കണമെന്ന അവരുടെ നിർദേശം വിവാദം കാരണം പാലിക്കാൻ കഴിഞ്ഞില്ലെന്നും എം എൽ എ വിശദീകരിച്ചു.

logo
The Fourth
www.thefourthnews.in