കിഫ്ബി വികസനത്തിന് അത്ഭുതകരമായ വേഗത കൊണ്ടുവന്ന പദ്ധതി; കെ എന്‍ ബാലഗോപാല്‍
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് അത്ഭുതകരമായ വേഗത കൊണ്ടുവന്ന പദ്ധതിയാണ് കിഫ്ബിയെന്ന് ആവര്‍ത്തിച്ച് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. പതിറ്റാണ്ടുകള്‍ക്ക് അപ്പുറം മാത്രം സാധ്യമായിരുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സംസ്ഥാനം സാധിച്ചെടുത്തതെന്നി ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
74,009.55 കോടി രൂപയുടെ 993 പദ്ധതികള്‍ക്കാണ് ഇതുവരെ കിഫ്ബിയിലൂടെ അംഗീകാരം നല്‍കിയത്. ഇതില്‍ 6201 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 54,000 കോടിയുടെ 956 പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. 24,931 കോടിയുടെ 543 പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 3064 കോടിയുടെ 55 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തവയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
2017ല്‍ കിഫ്ബി പദ്ധതികള്‍ക്കായി ചിലവഴിച്ചത് 442.67 കോടിയും 2018-19 ല്‍ 1069 കോടി രൂപയുമാണ്. 2019-20ല്‍ 3502.5 കോടി രൂപയും 2020-21 വര്‍ഷത്തില്‍ 5484.81 കോടി രൂപയും 2021-22ല്‍ 8459.67 കോടി രൂപയും 2022-23 ല്‍ 3842.89 കോടി രൂപയുമാണ് വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്.
ഇത്തവണ 22,801 കോടിയിലധികം രൂപ വിവിധ പദ്ധതികള്‍ക്കായി കിഫ്ബി നല്‍കി കഴിഞ്ഞതായി ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമായി ഇതുവരെ 2870 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി അംഗീകാരം നല്‍കിയിട്ടുള്ളത്. 20,000 കോടി രൂപയുടെ ഏഴ് വന്‍കിട ഭൂമിയേറ്റെടുക്കല്‍ പദ്ധതികള്‍ക്കും കിഫ്ബി അംഗീകാരം നല്‍കി. നാഷണല്‍ ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 6769 കോടിയുടെ പദ്ധതിയാണ് കിഫ്ബി നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ 5550.74 കോടി രൂപ നാഷ്ണല്‍ ഹൈവേ അതോറിറ്റിക്ക് നല്‍കി കഴിഞ്ഞു.
മൂന്ന് വ്യവസായ പാര്‍ക്കുകള്‍ക്കായി 13,988.63 കോടി രൂപയുടേയും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് ഭൂമിയേറ്റെടുക്കുന്നതിനായി 200.60 കോടി രൂപയുടേയും പദ്ധതികള്‍ കിഫ്ബി നടപ്പാക്കും. കൊച്ചി ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതി , ഗിഫ്റ്റ് സിറ്റി പദ്ധതി എന്നിവയും കിഫ്ബിയുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് കോസ്റ്റ് കനാല്‍ സാമ്പത്തിക ഇടനാഴിയ്ക്ക് കിഫ്ബി വഴി 300 കോടി അനുവദിച്ചതായും ബാലഗോപാല്‍ പറഞ്ഞു.
കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കിഫ്ബിയുടെ കടമെടുപ്പിനെ സംസ്ഥാനത്തിന്റെ മാത്രം കടമായി പരിഗണിക്കുന്ന തെറ്റായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും അത് തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ കേരളത്തിനുള്ള ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.