കെഎസ്ആര്‍ടിസിക്ക് 131 കോടി; കമ്പ്യൂട്ടര്‍വത്ക്കരണത്തിനും ഇ-ഗവേണന്‍സിനും മുന്‍ഗണന
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിയുടെ വികസനത്തിനായി സമഗ്ര പദ്ധതി മുന്നോട്ട് വച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ആര്‍ടിസിക്ക് 131 കോടിയാണ് ഇത്തവണ ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും വര്‍ക്ക് ഷോപ്പ് ഡിപ്പോകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍വത്ക്കരണത്തിനും ഇ- ഗവേണന്‍സും നടപ്പിലാക്കുന്നതിനായി 20 കോടി രൂപയുമാണ് മാറ്റിവച്ചിരിക്കുന്നത്.
പുതിയ ബസുകള്‍ വാങ്ങുന്നതിനായി 75 കോടി
പുതിയ ബസുകള്‍ വാങ്ങുന്നതിനായി 75 കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രീ ഫാം സാങ്കതി വിദ്യ ഉപയോഗിച്ചതിനാല്‍ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണ ചിലവില്‍ വലിയ കുറവാണ് ഉണ്ടായതായി ധനമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം, ആറ്റിങ്ങല്‍, കൊട്ടാരക്കര, കായംകുളം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ചിലവു കുറഞ്ഞ നിര്‍മ്മാണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. നേരത്തെ വിലയുരുത്തിയ പണത്തിന് പുറമേ 20 കോടി രൂപ അധികം ഇതിനായി അനുവദിച്ചിട്ടുണ്ട്.