വിഴിഞ്ഞം പദ്ധതി പ്രധാനം: കിഫ്ബി വഴി 1000 കോടി; ലോകോത്തര നിലവാരമുള്ള വ്യാവസായിക ഇടനാഴി സൃഷ്ടിക്കും
കേരളത്തിന്റെ വികസന ചക്രവാളത്തിലെ ഏറ്റവും വലിയ ഏടാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് വിഴിഞ്ഞത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് ഗതാഗത വാതിലായി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
സമുദ്ര ഗതാഗതത്തിലെ 40% ചരക്ക് നീക്കവും നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തിലേക്കും, അയല്‍ രാജ്യങ്ങളിലേക്കും ചരക്ക് കൈമാറ്റം നടത്തുന്നതിനുള്ള ഏറ്റവും വലിയ വാതായനമാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളും നഗരങ്ങളും വളര്‍ന്നു വന്നത് ഇത്തരം തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചാണ്.
തുറമുഖത്തിന് ചുറ്റും വ്യവസായ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയ പാതാ 66ലെ നാവായിക്കുള്ളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിലോമീറ്ററും റിങ് റോഡ് നിര്‍മിക്കാന്‍ തീരുമാനമായി. അതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാവസായിക ഇടനാഴിയായി വിഴിഞ്ഞം മാറും. ഇതിന് ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളും അടക്കമുള്ള ടൗണ്‍ഷിപ്പുകളുടെ ശൃംഗല രൂപപ്പെടും. ഏകദേശം 5000 കോടി രൂപ ചിലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമിയേറ്റെടുക്കല്‍ പദ്ധതിക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്ന ജനങ്ങളെ കൂടി പദ്ധതിയില്‍ പങ്കാളികളാക്കുന്നതിനായി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.