ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹര്‍ജി; ഗവര്‍ണര്‍ക്ക് എതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍, അസാധാരണ നീക്കം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരെ സുപ്രീംകോടതിയില്‍ രണ്ടാമത്തെ ഹര്‍ജി ഫയല്‍ ചെയ്തു. ഗവര്‍ണറുടെ നടപടിക്കെതിരെ ഒരാഴ്ചയ്ക്കിടെ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് അസാധാരണ നടപടിയാണ്.
ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയുമാണ് രണ്ടാമത്തെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യത്തേത് റിട്ട് ഹര്‍ജി ആയിട്ടാണ് ഫയല്‍ ചെയ്തതെങ്കില്‍, ഇപ്പോഴത്തേത് പ്രത്യേകാനുമതി ഹര്‍ജിയാണ്.
ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്തതിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി 2022ല്‍ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം .പ്രത്യേകാനുമതി ഹര്‍ജിയില്‍ ഗവര്‍ണറെ കക്ഷി ചേര്‍ക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ (5), ലോകായുക്ത ഭേദഗതി ബില്‍, സഹകരണ സംഘങ്ങളുടെ ഭേദഗതി ബില്‍, പൊതുജനാരോഗ്യ ബില്‍ എന്നിങ്ങനെ സംസ്ഥാന നിയമസഭ അംഗീകരിച്ച എട്ട് ബില്ലുകളാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. ഇതില്‍ സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ 23 മാസത്തോളമായി ഗവര്‍ണര്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതായി റിട്ട് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതായി റിട്ട് ഹര്‍ജിയില്‍ പറയുന്നു. ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കുന്നത് വരെ ബില്ലുകളില്‍ പുനര്‍ചിന്തനമില്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ ആദ്യ ഹർജി സമർപ്പിച്ചതിനുപിന്നാലെ ഗവർണറുടെ പ്രതികരണം. ബില്ലുകള്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായും സുപ്രീംകോടതിയില്‍ മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വ്യക്തതക്ക് വേണ്ടിയാകും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഭരണഘടനാപരമായി സംശയമുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
റിട്ട് ഹര്‍ജിയില്‍ ഗവര്‍ണറെ എന്തിന് കക്ഷിയാക്കണമെന്ന് സുപ്രീം കോടതി രജിസ്ട്രി ചോദ്യമുയർത്തിയിരുന്നു. ഹര്‍ജിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സ്റ്റാൻഡിങ് കോണ്‍സലിന് കൈമാറിയ കത്തിലാണ് രജിസ്ട്രി ചോദ്യമുയർത്തിയത്. ഭരണഘടനയുടെ 200-ാം അനുച്ഛേദത്തില്‍ ഗവര്‍ണറുടെ ഭരണഘടനാ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട ഹര്‍ജിയായതിനാല്‍ ഗവര്‍ണറെ കക്ഷിചേര്‍ക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.
അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന പരാതി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉയരുന്നതിനിടെ ഗവർണർമാർക്കെതിരെ സുപ്രീംകോടതി കഴിഞ്ഞദിവസം വിമർശനമുയർത്തിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്തവരല്ലെന്ന് ഓര്‍മ വേണമെന്നും നിയമസഭകള്‍ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾ ഹർജിയുമായി വരുന്നതുവരെ ഗവര്‍ണര്‍മാർ എന്തിന് കാത്തിരിക്കണമെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.