വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിനം; ഇന്ന് കരയിലും കടലിലും ഒരേസമയം സമരം
വിഴിഞ്ഞം തുറമുഖ നിര്‍മാണ വിരുദ്ധ സമിതി നടത്തുന്ന അതിജീവന പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക്. സമരം ശക്തമാക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. അതിന്റെ ഭാഗമായി ഇന്ന് കരയിലും കടലിലും ഒരേസമയം സമരം നടത്തും. കടലില്‍ വള്ളങ്ങള്‍ നിരത്തിയുള്ള സമരത്തിനാണ് ആഹ്വാനം. കൂടാതെ, മുല്ലൂര്‍, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളില്‍ ബഹുജന കണ്‍വന്‍ഷനും തീരുമാനിച്ചിട്ടുണ്ട്. മുതലപ്പൊഴി പാലവും സമരക്കാര്‍ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലൂടെയുള്ള ഗതാഗതം തടസപ്പെടാനും സാധ്യതയുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് സമരം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി കടലിലൂടെ വിഴിഞ്ഞത്തെത്തി ഉപരോധം തീര്‍ക്കും. ഓരോ ഇടവകയില്‍ നിന്നുള്ള പ്രതിനിധികള്‍ മുല്ലൂരിലെ സമരപ്പന്തലിലെത്തി രാവിലെ തന്നെ കണ്‍വെന്‍ഷന്‍ തുടങ്ങും. ഇതേ സമയം മറ്റ് കേന്ദ്രങ്ങളിലും സമരം ആരംഭിക്കും.
തുറമുഖ നിര്‍മാണത്തിന് മുതലപ്പൊഴി വഴി കടല്‍ മാര്‍ഗം സാധനസാമഗ്രികള്‍ കടത്തുന്നത് സമരം മൂലം തടസ്സപ്പെട്ടേക്കും. അഞ്ചു തെങ്ങ് ഫെറോനയുടെ കീഴിലുള്ളവര്‍ താഴംപള്ളി കുരിശ്ശടി ഭാഗത്തുനിന്നും പുതുക്കുറിച്ചി ഫെറോനയിലുള്ളവര്‍ പെരുമാതുറ കേന്ദ്രീകരിച്ചും മുതലപ്പൊഴിയിലെത്തി സമരത്തില്‍ പങ്കു ചേരും.
അതേസമയം, തുറമുഖ നിര്‍മ്മാണ വിരുദ്ധ സമിതി റോഡ് ഉപരോധിച്ചാല്‍ അതിനെതിരെ മുക്കോലയിലും മുല്ലൂരിലും റോഡ് ഉപരോധിക്കുമെന്ന് തുറമുഖ പ്രാദേശിക കൂട്ടായ്മ ഭാരവാഹികളും അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലും പോലീസ് കാവല്‍ ഉറപ്പുവരുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രധാനമായും ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രക്ഷോഭം ആരംഭിച്ചത്. ജൂലൈ 20ന് സെക്രട്ടറിയേറ്റിനു മുന്നിലെ 10 ദിവസത്തെ സമരത്തിനുശേഷമാണ്, ആഗസ്റ്റ് 10ന് വള്ളങ്ങളുമായെത്തിയ തീരദേശവാസികള്‍ തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചത്. അതിരൂപതയിലെ ഒമ്പത് ഫെറോനകളിലെയും ഇടവകകളിലേയും മത്സ്യത്തൊഴിലാളികള്‍ അന്നു മുതല്‍ പ്രതിഷേധത്തിലാണ്. ഇന്നലെ സമരസമിതി പ്രതിനിധികള്‍ മന്ത്രി വി അബ്ദു റഹ്‌മാനെ സന്ദര്‍ശിച്ചിരുന്നു.