വള്ളത്തിന് തീയിട്ടു, പോലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു; വിഴിഞ്ഞത്ത് സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍

വള്ളത്തിന് തീയിട്ടു, പോലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു; വിഴിഞ്ഞത്ത് സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍

ഏഴ് ആവശ്യങ്ങളും പരിഗണിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിൽ മത്സ്യത്തൊഴിലാളികൾ
Updated on
1 min read

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ആളിക്കത്തുന്നു. നടുക്കടലിൽ വള്ളം കത്തിച്ചും പോലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞും പ്രതിഷേധം തുടരുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ കരയിലും കടലിലും ഒരേസമയമാണ് പ്രക്ഷോഭം. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും ഇതുവരെ തീർപ്പാക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി കടലിലൂടെ വിഴിഞ്ഞത്തെത്തി പദ്ധതി പ്രദേശം ഉപരോധിച്ചിട്ടുണ്ട്.

ഏഴ് ആവശ്യങ്ങളും പരിഗണിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. ഒക്ടോബർ 17ന് തലസ്ഥാനത്ത് ഗതാഗതം തടഞ്ഞ് വലിയ പ്രക്ഷോഭം നടത്തി സർക്കാരിന് സമരസമിതി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം തുറമുഖ നിർമാണം തടസപ്പെടുത്തരുത്, സമരപ്പന്തൽ പൊളിച്ചുനീക്കണം തുടങ്ങി കോടതി നിർദേശങ്ങൾ നിലനിൽക്കെയാണ് ഇന്ന് പദ്ധതിപ്രദേശത്തേക്ക് മത്സ്യത്തൊഴിലാളികൾ സമരം നടത്തിയത്.

ആവാസ വ്യവസ്ഥ തക‍ർക്കുന്ന വിഴി‍ഞ്ഞം തുറമുഖ നിർമാണം നി‍ർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക എന്നിങ്ങനെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ 20 മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നി‍ർമാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു. അതിരൂപതയിലെ ഒമ്പത് ഫെറോനകളിലെയും ഇടവകകളിലേയും മത്സ്യത്തൊഴിലാളികള്‍ അന്നു മുതല്‍ പ്രതിഷേധത്തിലാണ്. ഇന്നലെ സമരസമിതി പ്രതിനിധികള്‍ മന്ത്രി വി അബ്ദു റഹ്‌മാനെ സന്ദര്‍ശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in