സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും; ബോട്ടപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 11 പേരുടെ ജീവന്‍
ഒഴിവുകാലത്തെ ഒരു സായാഹ്നം ചെലവിടാന്‍ കുട്ടികള്‍ക്കൊപ്പം താനൂര്‍ പൂരപ്പുഴയിലെ തൂവല്‍ തീരത്തെത്തിയ പുത്തന്‍കടപ്പുറം കുന്നുമ്മല്‍ സെയ്തലവിയുടെ കുടുംബത്തില്‍ നിന്നും ബോട്ടപകടം കവര്‍ന്നെടുത്തത് പതിനൊന്നുപേരെ. ബോട്ടില്‍ കയറിയ കുടുംബാംഗങ്ങളില്‍ സഹോദരങ്ങളായ സെയ്തലവിയുടേയും സിറാജിന്റെയും ജാബിറിന്റെയും ഭാര്യമാരും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.
സെയ്തലവിയുടെ ഭാര്യയും നാല് മക്കളും, സിറാജിന്റെ ഭാര്യയും മൂന്ന് മക്കളും ജാബിറിന്റെ ഭാര്യയും മകനും മരിച്ചു. ഇതില്‍ സിറാജിന്റെ കുട്ടികളില്‍ ഒരാള്‍ക്ക് പത്ത് മാസം മാത്രമായിരുന്നു പ്രായം. കുന്നുമ്മല്‍ കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് സഹോദരന്മാരും ഇവരുടെ മാതാവും അപകടത്തില്‍ പരുക്കേറ്റ സഹോദരിയും കുട്ടികളും മാത്രമാണ്.
അവധിക്കാലമായതിനാലാണ് പരപ്പനങ്ങാടിയിലെ കുഞ്ഞു വീട്ടില്‍ കുടുംബനാഥന്‍ കുന്നുമ്മല്‍ സെയ്തലവിയുടെ കുടുംബത്തോടൊപ്പം സഹോദരങ്ങളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നത്. ഇവരെ താനൂരിലെ തീരത്തെത്തിച്ച ശേഷം സെയ്തലവി മടങ്ങിയിരുന്നു. പിന്നാലെ തേടിയെത്തിയത് ദുരന്തവാര്‍ത്തയും.