തെരുവ് നായയുടെ കടിയേറ്റ പന്ത്രണ്ട് വയസുകാരി ഗുരുതരാവസ്ഥയില്‍
പത്തനംതിട്ടയില്‍ തെരുവ് നായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി ഗുരുതരാവസ്ഥയില്‍. പത്തനംതിട്ട റാന്നി സ്വദേശി ഹരീഷിന്റെ മകള്‍ അഭിരാമിക്കാണ് കടിയേറ്റത്. ആദ്യം കുട്ടിക്ക് ചികിത്സ തേടിയത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു. ഇവിടെ വെച്ച് കുട്ടിക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി. പിന്നീട് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
പേവിഷബാധ വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വാക്സിന്‍ ഗുണനിലവാരത്തെ ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തിയ ആരോഗ്യ മന്ത്രിയുടെ വാദത്തെ തിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ പേ വിഷബാധ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമ സഭയില്‍ വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം സംസ്ഥാനത്ത് ഇതുപവരെ 20 പേര്‍ പേവിഷബാധയേറ്റ് മരിച്ചത്. ഇതില്‍ 15 പേരും വാക്‌സിന്‍ എടുത്തവരാണ്. സംസ്ഥാനത്ത് പേവിഷബാധ കേസുകള്‍ വര്‍ധിക്കുന്നത് വളരെ പ്രധാന്യത്തോടെ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.