വന്യജീവി ആക്രമണം; ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 123 പേര്‍, വയനാട്ടില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധന
കേരളത്തിന്റെ മലയോര മേഖലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ മാസങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകളെന്ന് കണക്കുക്കള്‍. കഴിഞ്ഞ 18 മാസത്തിനിടെ 123 പേര്‍ മരിച്ചുവെന്നാണ് വനംവകുപ്പ് പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നത്. ഇതില്‍ അറുപതിലധികം കേസുകളും പാമ്പ് കടിയേറ്റ മരിച്ച സംഭവങ്ങളാണ്. വയനാട് പുതുശ്ശേരിയിലെ കര്‍ഷകനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്.
2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ വരെ 88,287 വന്യജീവി ആക്രമണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്
വനംവകുപ്പ് പുറത്ത് വിട്ടകണക്കുകള്‍ പ്രകാരം 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ വരെ 88,287 വന്യജീവി ആക്രമണ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം തന്നെ കൃഷിനാശവും സാമ്പത്തിക നഷ്ടവും സംഭവിച്ച 8,707 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്മാറ ഫോറസ്റ്റ് ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ ഫോറസ്റ്റ് സര്‍ക്കിളില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ പ്രദേശങ്ങളില്‍ കാര്‍ഷികവിളകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിച്ച 15% കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനംവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 30 മരണങ്ങളും 1,252 കാര്‍ഷികവിളനാശവും റിപ്പോര്‍ട്ട് ചെയ്ത സതേണ്‍ ഫോറസ്റ്റ് സര്‍ക്കിള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
നഷ്ടപരിഹാരത്തിനായി നല്‍കിയ 8,231 അപേക്ഷകള്‍ ഇപ്പോഴും പരിഹാരമാകാതെ കെട്ടിക്കിടക്കുന്നു
വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ നീണ്ട കാലതാമസം സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. നഷ്ടപരിഹാരത്തിനായി നല്‍കിയ 8,231 അപേക്ഷകള്‍ ഇപ്പോഴും പരിഹാരമാകാതെ കെട്ടിക്കിടക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വയനാട് ജില്ലയില്‍ മാത്രം 2000 ത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ള ജില്ലയാണ് വയനാട്. ഇതിനൊപ്പം വയനാട്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. 756 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന വയനാട്ടിലെ വനങ്ങളില്‍ 180 കടുവകളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ തന്നെ 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയിൽ കടുവകളില്‍ ഭൂരിഭാഗത്തിന്റെയും സാന്നിധ്യമുണ്ട്. പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ 643.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 25 കടുവകള്‍ മാത്രമാണ് എന്നതുമായി താരതമ്യപ്പെടുത്തുമ്പോളാണ് കണക്കിലെ വ്യത്യാസം വ്യക്തമാകുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലെ 2,395.73 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 29 കടുവകളുടെ സാന്നിധ്യവുമുണ്ടെന്നാണ് വിലയിരുത്തല്‍. വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണത്തലുണ്ടായ വര്‍ധനയെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ആവശ്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം, നാട്ടിലിറങ്ങി പിടിയിലാകുന്ന കടുവകളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ളവ വനം വകുപ്പിന് പുതിയ വെല്ലുവിളിയാവുകയാണ്. വയനാട് ബത്തേരി വന്യ മൃഗ പരിചരണ കേന്ദ്രത്തില്‍ ഇനി ഒരു വന്യ ജീവിയെ സംരക്ഷിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണ്. അവശേഷിച്ചിരുന്ന ഒരു കൂട്ടിലേക്കാണ് കഴിഞ്ഞ ദിവസം ബത്തേരിയില്‍ നിന്നും പിടിയിലായ കടുവയെ പാര്‍പ്പിച്ചിരിക്കുന്നത്. പുതുശ്ശേരിക്ക് പിന്നാലെ വയനാട് പിലാക്കാവിലും കടുവയുടെ സാന്നിധ്യമുണ്ടെന്ന നിഗമനത്തില്‍ തിരച്ചില്‍ പുരോഗമിക്കെയാണ് അസൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തു വരുന്നത്.
ജനവാസ മേഖലകളില്‍ നിന്നും പിടിയിലാകുന്ന കടുവകള്‍ക്കും പുലികള്‍ക്കുമായി വനംവകുപ്പ് ഒരുക്കിയതാണ് ബത്തേരി കുപ്പാടിയിലെ അഭയ പരിചരണ ആശ്വാസ കേന്ദ്രം. ഒരു കോടിയോളം രൂപ ചിലവഴിച്ച് കുറിച്യാട് റേഞ്ചില്‍ വനത്തിനുള്ളില്‍ 5 ഏക്കര്‍ ചുറ്റളവിലാണ് അഭയ കേന്ദ്രമുള്ളത്. ഒരേ സമയം നാല് കടുവകളെ പാര്‍പ്പിക്കാന്‍ കഴിയും. നിലവില്‍ ഇവിടെയുള്ള കടുവകളില്‍ മിക്കവയും പ്രായം കൂടിയവയും, വേട്ടയാടാന്‍ പ്രാപ്തിയില്ലാത്തവയുമാണ്. അതിനാല്‍ തന്നെ കാട്ടിലേക്ക് തുറന്നുവിടുക എന്ന സാധ്യതയും വനം വകുപ്പിന് മുന്നിലില്ല.