14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കൃത്യമായ പ്ലാനിംഗ്; തടയിട്ടത് പോലീസിന്റെ ഇടപെടല്‍
തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കാണ് കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമ മന്‍സില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെ ആറംഗ സംഘം തട്ടികൊണ്ടുപോയത്. കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികളടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ചുകയറി സഹോദരിയെ അടിച്ചുവീഴ്ത്തി കുട്ടിയെ തട്ടിക്കാണ്ടുപോവുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. സാമ്പത്തിക ഇടപാടുകളാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
പ്രശ്നങ്ങളുടെ തുടക്കം
മൂന്നുവര്‍ഷം മുന്‍പാണ് കുട്ടിയുടെ മാതാപിതാക്കള്‍ ബന്ധുവിന്‍റെ കയ്യില്‍ നിന്നും പത്ത് ലക്ഷം രൂപ കടംവാങ്ങുന്നത്. അയല്‍വാസിക്കു വേണ്ടി വാങ്ങിയ പണം എന്നാൽ കൃത്യസമയത്ത് തിരിച്ചടക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. ഇവിടെ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായതോടെ എല്ലാ സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു.
പോലീസിന്‍റെ കൃത്യമായ ഇടപെടല്‍ തുണയായി
കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചപ്പോൾ തന്നെ കൊല്ലത്തേയും തിരുവനന്തപുരത്തേയും മുഴുവൻ പോലീസ് സ്റ്റേഷനുകളിയേക്കും വിവരം കൈമാറിയിരുന്നു. കുട്ടിയെ തമിഴ്‌നാട് ഭാഗത്തേക്ക് കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം അവിടേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ മാര്‍ത്താണ്ഡത്തുവെച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. പാറശാല പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ ഡോക്ടറും ?
കുടുംബം കടംവാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധു ക്വട്ടേഷന്‍ നല്‍കിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിയെ തട്ടുകൊണ്ടു പോയ ഒമ്പത് പേരടങ്ങുന്ന സംഘത്തില്‍ ഒരാളൊഴികെ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കണ്ടെത്തി. സംഘത്തില്‍ ഒരു ഡോക്ടറും ഉണ്ടെന്ന് സൂചനയുണ്ട്. സംഭവത്തില്‍ മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന
കൊട്ടിയത്ത് താമസിച്ച്, ദിവസങ്ങളോളം കുടുംബത്തെ പിന്തുടര്‍ന്ന് നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് സംഘം ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് ദിവസം മുന്‍പേ സംഘം കൊട്ടിയത്തെത്തിയിരുന്നു. അറസ്റ്റിലായ ബിജുവില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. അതേസമയം, സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
തട്ടിക്കൊണ്ടുപോയവര്‍ സംസാരിച്ചത് തമിഴ്
തട്ടിക്കൊണ്ടുപോയവര്‍ മയക്കുമരുന്നു നല്‍കി തന്നെ ബോധരഹിതനാക്കിയെന്ന് ക്വട്ടേഷന്‍ സംഘത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ആഷിഖ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരിയെ അടിച്ചു വീഴ്ത്തിയ സംഘം തന്നേ റോഡിലൂടെ വലിച്ചിഴച്ചു. സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും സംസാരിച്ചിരുന്നത് തമിഴാണെന്നും ആഷിഖ് കൂട്ടിച്ചേര്‍ത്തു.