ആയിരത്തിലധികം സ്ത്രീകള്‍ 'തൊഴിലരങ്ങത്തേക്ക്'
സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍ അരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തില്‍ 1,475 വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ 25,000ല്‍ അധികം വനിതകള്‍ പദ്ധതിയുടെ ഭാഗമായി. അഭ്യസ്ഥവിദ്യരായ വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയ 53 ലക്ഷം തൊഴില്‍ അന്വേഷകരില്‍ 58 ശതമാനവും സ്ത്രീകളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍രഹിതരായ വനിതകളെ തൊഴിലിടത്തിലേക്ക് എത്തിക്കുക, തൊഴില്‍രംഗം ആവശ്യപ്പെടുന്ന നൈപുണ്യം പരിശീലനം നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതി രൂപീകരിച്ചത്.
ആദ്യഘട്ടത്തില്‍, 10386 ഉദ്യോഗാര്‍ത്ഥികള്‍ക്കായി 14 ജില്ലകളിലായി നടത്തിയ തൊഴില്‍മേളയില്‍ വിവിധ തസ്തികകളിലേക്കായി 20959 അഭിമുഖങ്ങള്‍ നടത്തുകയുണ്ടായി. ഇതില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച 8883 സ്ത്രീകളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ളവരെയാണ് തൊഴില്‍രംഗത്തേക്ക് എത്തിച്ചതെന്ന് കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു. തൊഴില്‍ ലഭിച്ചവരില്‍ മുന്‍പന്തിയില്‍ കൊല്ലം ജില്ലയാണ്. 320 പേര്‍ക്കാണ് ഇവിടെ ജോലി ലഭിച്ചത്. 253 പേര്‍ക്ക് തൊഴില്‍ ലഭിച്ച പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.