EXCLUSIVE | തരൂരിന്റെ
പത്രികയില്‍ ഒപ്പിട്ട് 15 കേരള നേതാക്കള്‍

EXCLUSIVE | തരൂരിന്റെ പത്രികയില്‍ ഒപ്പിട്ട് 15 കേരള നേതാക്കള്‍

ശശി തരൂർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Updated on
1 min read

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗിക പിന്തുണ നല്‍കിയില്ലെങ്കിലും എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക്
കേരളത്തില്‍ നിന്ന് മത്സരിക്കുന്ന ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ പതിനഞ്ചിലധികം കേരള നേതാക്കൾ ഒപ്പ് വച്ചതായി സൂചന.

മുതിര്‍ന്ന കോണ്‍ഗ്ര‌സ് നേതാക്കളായ കെ സി അബു, എം കെ  രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്. തരൂര്‍ നാല് സെറ്റ് പത്രിക തയ്യാറാക്കിയതായാണ് വിവരം. ഗ്രൂപ്പ് , പ്രായ വ്യത്യാസമില്ലാതെയാണ് തരൂരിന് നേതാക്കളുടെ പിന്തുണയെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

"രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം നടക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.   പാര്‍ട്ടിയുടെ നന്മയ്ക്കായാണ് മലയാളിയായ തരൂരിനെ പിന്തുണയ്ക്കുന്നത്, തരൂര്‍ അധ്യക്ഷ പദത്തിലെത്താന്‍ കഴിവും യോഗ്യതുള്ള നേതാവാണ്‌. വരും ദിവസങ്ങളിൽ അദ്ദേഹം കൂടുതൽ പിന്തുണ നേടും," ദ ഫോർത്തിനോട് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ തരൂരിന്  പിന്തുണ വര്‍ധിക്കുന്നതില്‍ ഗാന്ധി കുടുംബവുമായി അടുത്തു നില്‍ക്കുന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് വലിയ അമര്‍ഷമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മുകുള്‍ വാസ്‌നിക്കും അധ്യക്ഷ സ്ഥാനത്തെയ്ക്ക് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്ന സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്.  ശശി തരൂര്‍, ദിഗ് വിജയ് സിങ് എന്നിവര്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

തിരഞ്ഞെടുപ്പില്‍ ആര് ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് മനസിലാക്കാനുള്ള സംവിധാനം ഇല്ലെങ്കില്‍ കൂടുതല്‍ പേര്‍ തരൂരിനെ പിന്തുണയ്ക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രതീക്ഷിക്കുന്നതിലും അധികം വോട്ടുകള്‍ തരൂരിന് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മത്സര രംഗത്തേയ്ക്ക് കൂടുതല്‍ സ്ഥാനാർത്ഥികള്‍ കടന്ന് വരുന്നത് തരൂരിന്‍റെ വിജയ സാധ്യത വർധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തില്‍ നിന്ന് 328 പേര്‍ക്കാണ് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍  വോട്ടവകാശമുള്ളത്. അതില്‍ പത്ത് പേരുടെ പിന്തുണയാണ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടത്. നാമനിര്‍ദ്ദേശ  പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഒക്ടോബര്‍ എട്ടിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19നാണ് ഫലപ്രഖ്യാപനം.

logo
The Fourth
www.thefourthnews.in