മുളകുപൊടി കലക്കി മുഖത്തൊഴിച്ചു, വായില്‍ തുണി തിരുകി; തിരുവനന്തപുരത്ത്‌ വൃക്കരോഗിയായ അച്ഛനെ കൊല്ലാൻ 15കാരന്റെ ശ്രമം

മുളകുപൊടി കലക്കി മുഖത്തൊഴിച്ചു, വായില്‍ തുണി തിരുകി; തിരുവനന്തപുരത്ത്‌ വൃക്കരോഗിയായ അച്ഛനെ കൊല്ലാൻ 15കാരന്റെ ശ്രമം

മറ്റൊരാളിന്റെ ചെരുപ്പിട്ട് മകൻ വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്‌തതാണ് പ്രകോപനമെന്ന് അച്ഛൻ പോലീസിനോട് പറഞ്ഞു.
Updated on
1 min read

വഴക്ക് പറഞ്ഞതിന്റെ വിരോധത്തിൽ തിരുവനന്തപുരം പോത്തൻകോട് അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്റെ ശ്രമം. സുഹൃത്തിന്റെ സഹായത്തോടെയാണ് വൃക്കരോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ചത്. അമ്മ ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. ശേഷം മകനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മറ്റൊരാളിന്റെ ചെരുപ്പിട്ട് മകൻ വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്‌തതാണ് പ്രകോപനമെന്ന് അച്ഛൻ പോലീസിനോട് പറഞ്ഞു.

പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ  ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മകനെ വഴക്കുപറഞ്ഞ ശേഷം അച്ഛൻ വീടിനുള്ളിൽ കിടക്കുകയായിരുന്നു. ഈ സമയം മകൻ വീടിനകത്തും പുറത്തും പലവട്ടം കയറിയിറങ്ങിയിരുന്നുവെന്ന് അച്ഛൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അൽപസമയത്തിന് ശേഷം മകൻ സുഹൃത്തുമായി വീട്ടിനുള്ളിൽ കയറിവന്നു. പിന്നീട് മുറിക്കുള്ളിലേക്ക് കയറി ഇരുവരും ചേർന്ന് മുളകുപൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മുളകുപൊടി വിതറിയ ശേഷം വായില്‍ തുണി തിരുകി, കമഴ്ത്തി കിടത്തി ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.

കുതറിമാറിയ അച്ഛൻ പുറത്തിറങ്ങി വാതിൽ കയർ കൊണ്ട് കെട്ടിയടച്ച ശേഷം നിലവിളിച്ച് പുറത്തേക്കോടുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തി മകൻ ജീവനൊടുക്കാനും ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പോലീസ് കൗമാരക്കാരനെ രക്ഷിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in