"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ", ഇന്ന് മഹാകവി കുമാരനാശാന്റെ 150 -ാം ജന്മവാർഷികം

"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ", ഇന്ന് മഹാകവി കുമാരനാശാന്റെ 150 -ാം ജന്മവാർഷികം

ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന് ആശാൻ തന്റെ കൃതികളിലൂടെ പറഞ്ഞു
Updated on
1 min read

ജാതീയതയ്ക്കും സാമൂഹ്യ അനാചാരങ്ങൾക്കുമെതിരായ ചെറുത്തുനിൽപ്പിന് കേരളത്തെ പാകപ്പെടുത്തിയ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികമാണിന്ന്. ആശാന്റെ അനശ്വര കവിതകൾ ആ കാലത്തെ അന്ന് നിലനിന്നിരുന്ന അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ സജ്ജമാക്കുന്നതായിരുന്നു. കവിയെന്നതിലുപരി വിപ്ലവകാരിയും സാമൂഹ്യപരിഷ്കർത്താവും പ്രഭാഷകനും നിയമസഭാസാമാജികനും മികച്ച പത്രപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു പകർന്ന ആദർശങ്ങളെ തന്റെ കവിതകളിലൂടെ മലയാളിക്ക് പകർന്ന സ്നേഹഗായകന്റെ വരികൾ കാലാതീതമായാണ് നവോത്ഥാന കേരളം ഹൃദയത്തിലേറ്റുന്നത്.

1873 ൽ തിരുവനന്തപുരം ജില്ലയിലെ കായിക്കര എന്ന കടലോരഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ശൃംഗാരശ്ലോകങ്ങൾ രചിക്കാറുണ്ടായിരുന്നു. 1891-ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറിയത്. ഇംഗ്ലീഷ്,സംസ്‌കൃത ഭാഷകൾ അദ്ദേഹം പഠിക്കുന്നത് ശ്രീനാരായണ ഗുരുവിന് കീഴിലാണ്. 1907 ഡിസംബറിൽ രചിച്ച 'വീണപൂവ്' ആണ് കുമാരനാശാനെ മഹാകവിയാക്കുന്നത്. അദ്ദേഹം ശ്രീനാരായണ ഗുരുവിനോടൊത്ത് പാലക്കാട്ടെ ജൈനമേട്ടിൽ താമസിച്ചിരുന്നപ്പോഴാണ് ഈ കൃതി രചിക്കുന്നത്.

നളിനി, ലീല, ചണ്ഡാല ഭിക്ഷുകി, കരുണ, ദുരവസ്ഥ തുടങ്ങിയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ. ആശാന്റെ കവിതകളിൽ അടിസ്ഥാനമായി മുഴച്ചുനിൽക്കുന്നത് സ്നേഹമാണ്

"ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ!

ശ്രീഭൂവിലസ്ഥിര- അസംശയം- ഇന്നു നിന്റെ-

യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ"

അന്ന് അസുഖബാധിതനായി കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിനെ കണ്ടശേഷമാണ് ആശാൻ ഈ വരികൾ കുറിച്ചത്. കവിതയിലെ കാല്പനികയുഗത്തിനു തുടക്കം കുറിച്ചത് ഈ ചെറുഖണ്ഡകാവ്യമാണ്.

ഇരുപതാം നൂറ്റാണ്ടിലെ കവിതാശാഖയെ ആശാനോളം സ്വാധീനിച്ച മറ്റൊരു കവിയില്ല. ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ്‌ ആശാന്റെ കാവ്യസമ്പത്ത്‌. അദ്ദേഹത്തിന്റെ പ്രശസ്തമായ വിലാപകാവ്യമാണ്‌ പ്രരോദനം. അദ്ദേഹത്തിന്റെ ഗുരുവും വഴികാട്ടിയുമായിരുന്ന എ ആർ രാജരാജ വർമയുടെ മരണത്തിൽ വിലപിച്ചുകൊണ്ടാണ് ആശാൻ രചിച്ച കാവ്യമാണിത്.

നളിനി, ലീല, ചണ്ഡാല ഭിക്ഷുകി, കരുണ, ദുരവസ്ഥ, തുടങ്ങിയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതികൾ. ആശാന്റെ കവിതകളിൽ അടിസ്ഥാനം സ്നേഹമാണ്. നളിനി, ലീല, വാസവദത്ത, സീത, സാവിത്രി, പ്രേമലത, മാതംഗി, ഉപഗുപ്തൻ, മദനൻ ഇങ്ങനെ ആശാൻ കഥാപാത്രങ്ങളെല്ലാം സ്നേഹത്തിന്റെ പല ഭാവങ്ങളാണ്. ജീവിതത്തിന്റെ ആത്യന്തികമായ സാരം സ്നേഹമാണെന്ന തത്വചിന്തയാണ് ഓരോ ആശാൻ കൃതിയും.

അന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങൾക്കെതിരായ പ്രതിഷേധങ്ങളാണ് ആശാന്റെ പല കവിതകളും

" മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ "

എന്ന 'ദുരവസ്ഥ'യിലെ വരികൾ അനാചാരങ്ങൾക്കെതിരായ പടപൊരുതലാണ്. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായതും ദുരവസ്ഥയാണ്. ആശാന്റെ കവിതകൾ കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. 1924 ജനുവരി 16-ന് പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ കുമാരനാശാന്‍ മുങ്ങിമരിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in