ഹർത്താലിൽ വ്യാപക അക്രമം: 157 കേസുകളിലായി 170 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ഹർത്താലിൽ വ്യാപക അക്രമം: 157 കേസുകളിലായി 170 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Updated on
1 min read

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. വിവിധ ജില്ലകളിലായി പോലീസ് രജിസ്റ്റർ ചെയ്ത 157 കേസുകളിൽ 170ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. കണ്ണൂർ സിറ്റി പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 28 കേസുകളാണ് കണ്ണൂർ സിറ്റി പരിധിയില്‍ രജിസ്റ്റർ ചെയ്തത്. കെഎസ്ആർടിസി കോടതിയിൽ നൽകിയ വിവരമനുസരിച്ച് ഇന്ന് ഉച്ച വരെ 70 ബസുകളാണ് ഹർത്താൽ അനുകൂലികൾ നശിപ്പിച്ചത്.

ഹർത്താലിൽ വ്യാപക അക്രമം: 157 കേസുകളിലായി 170 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
ജനങ്ങളെ ബന്ദിക്കളാക്കാന്‍ അനുവദിക്കില്ല; പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് എതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വിവിധയിടങ്ങളില്‍ കടകളും ഹോട്ടലുകളും അടിച്ചുതകർത്തു. കാറുകളും ലോറികളും ആംബുലന്‍സുമടക്കം കല്ലേറിന് ഇരയായി. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കൃഷ്ണമോഹന്‍, ക്യാമറാമാന്‍ പ്രദീഷ് കപ്പോത്ത്, ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഹർത്താൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി വെള്ളിയാഴ്ച സ്വമേധയാ കേസ് എടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നവർ തന്നെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത സുരക്ഷ ഒരുക്കിയെന്നായിരുന്നു പോലീസ് അറിയിച്ചത് . അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടത്തും ഹർത്താല്‍ അനുകൂലികള്‍ വലിയ തോതില്‍ അക്രമം അഴിച്ചുവിട്ടു. കഴിഞ്ഞ ദിവസം അർധരാത്രി മുതൽ 368 പേരെയാണ് പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ രാജ്യവ്യാപക റെയ്‌ഡിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ.

logo
The Fourth
www.thefourthnews.in