164 സഹകരണ സംഘങ്ങള്‍ നഷ്ടത്തില്‍; ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപം തിരികെ കിട്ടുമോ?
സംസ്ഥാനത്ത് 164 സഹകരണ സംഘങ്ങള്‍ നഷ്ടത്തിലെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി സഹകരണ മന്ത്രി വി എന്‍ വാസവനാണ് വിവരം നിയമസഭയെ അറിയിച്ചത്. നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് ഈ സ്ഥാപനങ്ങള്‍.
നഷ്ടത്തിലായ സംഘങ്ങള്‍ ഏറ്റവും അധികം തിരുവനന്തപുരത്താണ്. 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം- 22, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 15, കൊല്ലം, മലപ്പുറം 12 വീതം, തൃശൂർ 11 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
സഹകരണ ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകന് പണം തിരികെ കിട്ടുമോ?
സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാലും അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപം നഷ്ടപ്പെടില്ല. സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി വർധിപ്പിച്ചത് കഴിഞ്ഞ മാസമാണ്. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് ആരംഭിച്ചത് മുതല്‍ രണ്ട് ലക്ഷം രൂപയായിരുന്നു പരിധി. എന്നാല്‍, പണം നിക്ഷേപിച്ചിട്ടുള്ള സഹകരണ സ്ഥാപനം ബോർഡില്‍ അംഗമാണെങ്കില്‍ മാത്രമെ പണം തിരികെ ലഭിക്കൂ. ബാങ്ക് ബോർഡില്‍ അംഗമല്ലെങ്കില്‍ പണം തിരികെ കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ 2012 ലാണ് സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് രൂപീകരിച്ചത്.
എന്തൊക്കെ ശ്രദ്ധിക്കണം?
സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിക്കുമ്പോള്‍ ബാങ്ക്, ബോർഡില്‍ അംഗമാണോയെന്ന് അറിഞ്ഞിരിക്കണം. ബോർഡ് നല്‍കുന്ന ഗ്യാരന്റി പത്രം ബാങ്കിന്റെ കൈവശമുണ്ടോയെന്ന് ഉറപ്പാക്കണം. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ വെബ്‍സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. ഗ്യാരന്റിയുള്ള സംഘങ്ങളുടെ വിശദവിവരങ്ങള്‍ സൈറ്റില്‍ പട്ടികയായി ചേർത്തിട്ടുണ്ട്.
ബോർഡില്‍ അംഗമാകാന്‍ സംഘം 100 രൂപ നിക്ഷേപത്തിന് പത്ത് പൈസ നിരക്കില്‍ അടയ്ക്കണം. അംഗത്വമെടുത്താല്‍ മാത്രം പോരാ, എല്ലാ വർഷവും പുതുക്കുകയും വേണം. വിഹിതം അടച്ചാല്‍ മാത്രമേ സംഘങ്ങളുടെ പട്ടിക എല്ലാ വർഷവും പുതുക്കി ബോർഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കൂ. സർവീസ് സഹകരണ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘം, നോണ്‍ അഗ്രികള്‍ച്ചറല്‍ & മറ്റ് ഇതര സഹകരണ സംഘങ്ങള്‍, വനിത സഹകരണ സംഘം എന്നിവയുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ സൈറ്റിലുണ്ട്. ഇങ്ങനെ തരംതിരിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പണം നിക്ഷേപിച്ചതോ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ ബാങ്കിന്റെ വിവരം വളരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയും.