സൈലന്റ് വാലിയിൽ 17 ഇനം പുതിയ പക്ഷികൾ
സൈലൻ്റ് വാലിയിൽ 17 ഇനം പുതിയ പക്ഷികളെ കണ്ടെത്തി വനം വകുപ്പ്. ഡിസംബർ 27 നും 29 നും ഇടയിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിലാണ് 17 പുതിയ പക്ഷികൾ ഉൾപ്പെടെ 175 ഇനങ്ങളെ കണ്ടെത്തിയത്. കേരള നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു കണക്കെടുപ്പ്. 85 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന പാർക്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘവും ക്യാമ്പ് ചെയ്താണ് കണക്കെടുപ്പ് നടത്തിയത്.
32 വർഷം മുമ്പ് 1990ലായിരുന്നു ആദ്യ സർവേ നടത്തിയത്. അന്നത്തെ സർവേ ഗ്രൂപ്പ് അംഗങ്ങളായിരുന്ന പി കെ ഉത്തമൻ, സി സുശാന്ത്, കെ എസ് ജോസ് എന്നിവരും പങ്കെടുത്തു എന്നത് ഇത്തവണത്തെ കണക്കെടുപ്പിൻ്റെ പ്രത്യേകതയായിരുന്നു. 2020ലായിരുന്നു ഏഴാമത് സർവേ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
വാളക്കാട്, പൂച്ചിപ്പാറ, സൈരന്ധ്രി, നീലിക്കൽ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്ത സംഘം കുമ്പൻ, സ്വിസ്പാറ എന്നിവിടങ്ങളിൽ ടെൻ്റ് കെട്ടിയും പുന്നമലയിൽ ഗുഹകളിൽ താമസിച്ചുമാണ് സർവേ നടത്തിയത്. 2016-ൽ നടത്തിയ സർവേയിൽ കണ്ടെത്തിയ പക്ഷി ഇനങ്ങളുടെ എണ്ണം 2014-നെ അപേക്ഷിച്ച് കുറവായിരുന്നു. 2016-ൽ 139 ഇനങ്ങളെയും 2014-ൽ 142 ഇനങ്ങളെയുമാണ് കണ്ടെത്തിയത്.
ഏറ്റവും പുതിയ സർവേയിൽ കണ്ടെത്തിയ 17 പുതിയ പക്ഷികളിൽ ബ്രൗൺ വുഡ് മൂങ്ങ, ബാൻഡഡ് ബേ കുക്കൂ, മലബാർ വുഡ്‌ഷ്‌റൈക്ക്, വൈറ്റ് ത്രോട്ടഡ് കിംഗ്‌ഫിഷർ, ഇന്ത്യൻ നൈറ്റ്‌ജാർ, ജംഗിൾ നൈറ്റ്‌ജാർ, ലാർജ് കക്കൂഷ്‌റൈക്ക് എന്നിവ ഉൾപ്പെടുന്നു. ക്രിംസൺ ബാക്ക്ഡ് സൺബേർഡ്, യെല്ലോ ബ്രോഡ് ബുൾബുൾ, ബ്ലാക്ക് ബുൾബുൾ, ഇന്ത്യൻ വൈറ്റ്-ഐ, ഇന്ത്യൻ സ്വിഫ്റ്റ്ലെറ്റ് എന്നിവയെ ധാരാളമായി കണ്ടെത്തി.
നീലഗിരി ലാഫിംഗ് ത്രഷ്, നീലഗിരി ഫ്ലവർ പെക്കർ, ബ്രൗൺ-ചീക്ക്ഡ് ഫുൾവെറ്റ, കറുപ്പ്-ഓറഞ്ച് നിറങ്ങളിലുളള ഫ്ലൈക്യാച്ചർ, ഗ്രേ-ഹെഡഡ് കാനറി-ഫ്ലൈക്യാച്ചർ, ഗ്രീൻ വാർബ്ലർ ചിഫ്ചാഫ്, ടിറ്റ്‌ലേഴ്‌സ് ലീഫ് വാർബ്ലർ എന്നിങ്ങനെ സമുദ്രനിരപ്പിന് വളരെ മുകളിലായി കാണപ്പെടുന്ന പക്ഷികളും പാർക്കിൽ ഉണ്ടായിരുന്നു. അപൂർമായി കാണപ്പെടുന്ന ഷഹീൻ ഫാൽക്കൺ, നീലഗിരി മരപ്രാവ്, മലായ് ബീറ്റേൺ എന്നിവയെയും കണ്ടെത്തി. താഴ്‌വരയിൽ നിരന്തരം കാണപ്പെടുന്ന മലബാർ വിസിലിങ് ത്രഷിനെയും സർവേയിൽ കണ്ടെത്തി.
സൈലന്റ് വാലി പാർക്കിന്റെ ബഫർ സോണിലും പക്ഷി സർവ്വേ നടത്താൻ പദ്ധതിയിടുന്നുണ്ട്. പാർക്കിന്റെ കോർ ഏരിയയിലാണ് അപൂർവ ഇനം പക്ഷികളെ കൂടുതലായി കാണുന്നത്. ഇതുകൊണ്ടുതന്നെ ബഫർ സോണിലും പക്ഷി സർവേ ആരംഭിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ് വിനോദ് പറഞ്ഞു. വനംവകുപ്പ് അനുമതി നൽകിയാൽ ഫെബ്രുവരിയിൽ തന്നെ സർവേ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.