സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട്‌സ്‌പോട്ടുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്, തൊട്ടുപിന്നില്‍ പാലക്കാട്
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ 170 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി മൃഗസംരക്ഷണ വകുപ്പ് പ്രഖ്യാപിച്ചു. മാസത്തില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സക്കെത്തിയ പത്തിലേറെ കേസുകളുള്ള പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ തലസ്ഥാനത്താണ്. 28 ഹോട്ട്‌സ്‌പോട്ടുകളാണ് തിരുവനന്തപുരത്ത് കണ്ടെത്തിയത്. 26 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയ പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇടുക്കിയും കാസര്‍ഗോഡുമാണ് ഹോട്ട്‌സ്‌പോട്ടുകള്‍ കുറവ് കണ്ടെത്തിയ ജില്ലകള്‍. ഇടുക്കിയില്‍ ഒന്നും കാസര്‍ഗോഡ് മൂന്നും ഹോട്ട്‌സ്‌പോട്ടുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരമാവധി തെരുവുനായകള്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. വന്ധ്യംകരണ പദ്ധതി വേഗത്തിലാക്കാനും സര്‍ക്കാര്‍ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായാണ് തെരുവുനായ ശല്യം രൂക്ഷമായ ജില്ലകളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഹോട്ട്‌സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന വ്യാപകമായി സെപ്തംബര്‍ 20 മുതല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ് യജ്ഞത്തിന് തുടക്കം കുറിക്കും.
മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടിന് മുന്‍ഗണന നല്‍കിയായിരിക്കും വാക്‌സിനേഷന്‍ യജ്ജവും തെരുവുനായ നിയന്ത്രണ പദ്ധതികളും നടക്കുക. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കും ഇതിനോടകം തന്നെ പല തദ്ദേശസ്ഥാപനങ്ങളും വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞു. അപകടകാരികളായ തെരുവുനായ്ക്കളെ വേര്‍തിരിക്കുന്നതിന് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2019 ല്‍ സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കളും 9 ലക്ഷം വളര്‍ത്തു മൃഗങ്ങളുമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധനയുണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭാഗികമായോ പൂര്‍ണമായോ പ്രവര്‍ത്തിക്കുന്ന 37 വന്ധ്യംകരണ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 76 വന്ധ്യംകരണ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് മൃഗസംരക്ഷണ വകുപ്പ് ആസൂത്രണം ചെയ്യുന്നത്.