നെല്‍വില: നല്‍കാനുള്ളത് 216 കോടി, തുക ലഭിക്കാത്തത് 20373 കര്‍ഷകര്‍ക്ക്

നെല്‍വില: നല്‍കാനുള്ളത് 216 കോടി, തുക ലഭിക്കാത്തത് 20373 കര്‍ഷകര്‍ക്ക്

ഓണത്തിന് മുമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തിയെന്ന് മന്ത്രി
Updated on
2 min read

2022-23 സീസണില്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. നടന്‍ ജയസൂര്യയുടെ പരസ്യ വിമര്‍ശനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കണക്കുകള്‍ വെളിപ്പെടുത്തി മന്ത്രി രംഗത്തെത്തിയത്. 2,50,373 കര്‍ഷകരില്‍ നിന്നായി 7,31,184 ടണ്‍ നെല്ല് സംഭരിച്ചുവെന്നും 2,30,000 പേര്‍ക്ക് മുഴുവന്‍ പണവും നല്‍കിയെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇനി 216 കോടി രൂപ നല്‍കാനുണ്ടെന്നും 20373 കര്‍ഷകര്‍ക്ക് ഇനിയും പണം ലഭിച്ചിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കേന്ദ്രവിഹിതം ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാലാണ്‌ കര്‍ഷകര്‍ക്ക് ഉടന്‍ പണം കൈമാറുന്നതിനായി ബാങ്ക് കണ്‍സോര്‍ഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കര്‍ഷകര്‍ക്കും പൂര്‍ണമായി തുക നല്‍കി. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കര്‍ഷകര്‍ക്ക് നല്‍കാനുള്ളതെന്നും ഈ തുക അവരുടെ അക്കൗണ്ടുകളില്‍ ഉടന്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.

എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് കണ്‍സോര്‍ഷ്യം വഴി ആദ്യം 700 കോടി രൂപ നല്‍കാനാണ് ധാരണയായത്. രണ്ടാമത് 280 കോടി രൂപ നല്‍കാനും ധാരണാപത്രം ഒപ്പുവച്ചിരുന്നെങ്കിലും ഓണത്തിന് മുമ്പ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തി. 12 കോടി രൂപയാണ് എസ്ബിഐ നല്‍കാനുള്ളത്. കാനറാ ബാങ്ക് ഏഴ് കോടിയും ഫെഡറല്‍ ബാങ്ക് ആറ് കോടിയും നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

2018-2019 മുതല്‍ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ഇനിയും ലഭിക്കാനുണ്ട്. വിഷയം പലതവണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ലെന്നും സെപ്റ്റംബര്‍ ആറിന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ചില ഇടങ്ങളില്‍ പാടശേഖരസമതികളും കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം അടുത്ത സീസണില്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

പിആര്‍എസ് ലോണായി നല്‍കുന്ന തുകയില്‍ ഒരു രൂപയുടെ പോലും ബാധ്യത കര്‍ഷകന് ഉണ്ടാകുന്നില്ലെന്നും ഈ വായ്പയുടെ മുഴുവന്‍ പലിശയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും ഒക്ടോബറില്‍ ആരംഭിക്കുന്ന അടുത്ത സീസണ്‍ മുതല്‍ കര്‍ഷകര്‍ക്ക് പരമാവധി വേഗത്തില്‍ പണം നല്‍കുന്നതിനായി കേരള ബാങ്കുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കളമശ്ശേരി കാര്‍ഷികോത്സവ വേദിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവര്‍ വേദിയിലിരിക്കെ നടന്‍ ജയസൂര്യ കര്‍ഷകര്‍ക്ക് പണം നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചിരുന്നു. നെല്ല് നല്‍കിയിട്ടും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവോണദിനത്തിലും കര്‍ഷകര്‍ ദുരുതത്തിലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ വിമര്‍ശനം. താരത്തിന്റെ പ്രസംഗത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂര്‍വ്വമാണെന്നും ജയസൂര്യയുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു എന്നും മന്ത്രി പി പ്രസാദുംപ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in