നിപ: 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്, ഐസൊലേഷനിൽ 980 പേർ
കോഴിക്കോട്ടെ നിപ സാഹചര്യത്തിൽ പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്.
നിപ പോസിറ്റീവായി ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ 61 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായതായും സമ്പര്‍ക്കപ്പട്ടികയില്‍ വിട്ടുപോയവരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
നിപ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരിക്കുന്നത് തുടരും. കേന്ദ്ര സംഘം വവ്വാലുകളുടെ സ്രവ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കുന്നതിനായി കുറ്റ്യാടി ദേവർകോവിൽ പരിസരത്ത് വലവിരിച്ചു. ദേവർകോവിൽ കനാൽമുക്ക് റോഡിലെ ഒരു മരത്തിൽ നിരവധി വവ്വാലുകളുള്ളതിനാലാണ് ഇവിടെ വല വിരിക്കാൻ തെരഞ്ഞെടുത്തത്.
കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും പാലോട് കേരള അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസും , ജില്ലാ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന നിപ പ്രതിരോധ, പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നത്. പ്രദേശത്തെ വളർത്തു മൃഗങ്ങളിൽനിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍ അംഗീകാരം നല്‍കി. ഐസിഎംആറുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും.
പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.