പെണ്‍കരുത്തിന്റെ കേരള മോഡല്‍; കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ട്

പെണ്‍കരുത്തിന്റെ കേരള മോഡല്‍; കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ട്

1998 മെയ് 17 ന് രൂപം കൊണ്ട കുടുബശ്രീ ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്
Updated on
2 min read

കേരളത്തിലെ സാധാരണക്കാരായ സ്ത്രീജീവിതങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച കുടുംബശ്രീ രജതജൂബിലി നിറവിലാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് 1998 മെയ് 17 ന് രൂപം കൊണ്ട കുടുബശ്രീ ലോകത്തിന് തന്നെ മാതൃകയായിക്കഴിഞ്ഞു. വീട്ടകങ്ങളില്‍ ഒതുങ്ങിനിന്ന സ്ത്രീകളെ ഉല്‍പ്പാദകരും വ്യാപാരികളുമായി മാറ്റിയ നൂറു നൂറു വിജയകഥകള്‍ ഇന്ന് കുടുംബശ്രീക്കുണ്ട്.

ലഘുസമ്പാദ്യ വായ്പാ സംഘങ്ങള്‍ എന്ന നിലയില്‍ രൂപം കൊണ്ട പ്രസ്ഥാനം ഇന്ന് പ്രാദേശിക സര്‍ക്കാരുകളുടെ വികസന പങ്കാളിയാണ്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായി 8029.47 കോടിയുടെ നിക്ഷേപമാണ് അയല്‍ക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ളത്.

ഒരു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം അംഗങ്ങളാണ് സംസ്ഥാനത്തുള്ളത്

ഒരു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം അംഗങ്ങളാണ് സംസ്ഥാനത്തുള്ളത് . 8029.47 കോടിയുടെ ലഘു സമ്പാദ്യം. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്കുകളില്‍നിന്ന് 25, 895 കോടിയുടെ വായ്പ. 27,274 വ്യക്തിഗത സംരംഭങ്ങള്‍. 13,316 കൂട്ടുസംരംഭകര്‍, 2,25,600 വനിതാ കര്‍ഷകരുള്‍പ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പ്, 54,000 ബാലസഭ, 74 ഐ ടി യൂണിറ്റ്, 21 ട്രെയിനിംഗ് ഗ്രൂപ്പ് എന്നിങ്ങനെ വിപുലമായി കഴിഞ്ഞു കുടുംബശ്രീയുടെ വേരുകള്‍. 11.31 ലക്ഷം അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷത്തോളം വനിതാ അംഗങ്ങളാണ്. തങ്ങളുടേതായ ഇടങ്ങള്‍ കണ്ടെത്തി പൊതുരംഗത്ത് ചുവടുറപ്പിച്ച സ്ത്രീകള്‍ ഇന്ന് എല്ലാ മേഖലകളിലും നിറ സാന്നിധ്യമായിക്കഴിഞ്ഞു. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ക്ക് കുടുംബശ്രീ എന്ന പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കാര്‍ഷിക മേഖല, ഭക്ഷ്യസുരക്ഷ, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങിയ എല്ലാ സാമൂഹ്യ-വികസന മേഖലകളിലും പ്രധാന പങ്കാളിത്തമുണ്ട് കുടുംബശ്രീക്ക്.

വിവിധ വകുപ്പുകളുമായും ഏജന്‍സികളുമായും ചേര്‍ന്ന് നടപ്പാക്കിയ കുടുംബശ്രീയുടെ പല പദ്ധതികളും ഇന്ന് ജനകീയമായിക്കഴിഞ്ഞു

പ്രാദേശിക വിഭവശേഷിയും വനിതകളുടെ തൊഴില്‍ വൈദഗ്ധ്യശേഷിയും പ്രയോജനപ്പെടുത്തി സ്വയംതൊഴില്‍, വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് അവരെ കൈപിടിച്ചു നടത്താന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ വരുമാന ലഭ്യത ഉറപ്പാക്കാനും ഈ പ്രസ്ഥാനത്തിന് സാധിച്ചു. വിവിധ വകുപ്പുകളുമായും ഏജന്‍സികളുമായും ചേര്‍ന്ന് നടപ്പാക്കിയ കുടുംബശ്രീയുടെ പല പദ്ധതികളും ഇന്ന് ജനകീയമായിക്കഴിഞ്ഞു. ജനകീയ ഹോട്ടല്‍, ന്യൂട്രിമിക്‌സ്, ഹരിതകര്‍മസേന, വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വിജയിപ്പിച്ച പദ്ധതികളാണ്.

ഒഎന്‍ഡിസി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അടക്കമുള്ള ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കടന്നുവരാനും കുടുംബശ്രീക്ക് കഴിഞ്ഞു. ഇത് വഴി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയും സംരംഭകര്‍ക്ക് വരുമാന ലഭ്യതയും ഉറപ്പുവരുത്താന്‍ സാധിച്ചു. കുടുംബശ്രീ ബസാര്‍ഡോട്ട്‌കോം, ആമസോണ്‍ സഹേലി, ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടെയും ഉല്‍പ്പന്ന വിപണം ഊര്‍ജിതമാക്കാന്‍ കഴിഞ്ഞു. എല്ലാവര്‍ഷവും ദേശീയ സരസ് മേളകള്‍, ഓണം, റംസാന്‍, വിഷു, ക്രിസ്മസ് വിപണികളിലൂടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്.

ത്രിതല പഞ്ചായത്തുകളില്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളേറെയും കുടുംബശ്രീയിലൂടെ എത്തിയവരാണ്

കുടുംബശ്രീ ആരംഭിച്ച് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഭരണരംഗത്തെ വിവിധ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താനും സ്ത്രീകള്‍ക്ക് സാധിച്ചു. ത്രിതല പഞ്ചായത്തുകളില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകളേറെയും കുടുംബശ്രീയിലൂടെ എത്തിയവരാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച അറിവും ആത്മവിശ്വാസവും സ്ത്രീകളില്‍ വ്യക്തമായ രാഷ്ട്രീയബോധവും ഇച്ഛാശക്തിയും വളര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല.

logo
The Fourth
www.thefourthnews.in